X

ഷുക്കൂര്‍ വധം: നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷും പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം

കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൃത്യത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു.

സി.ബി.ഐ തലശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 302, 120 ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം നേരത്തേ തന്നെ ചുമത്തിയിരുന്നു. 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ക്ക് കൊലപാതകത്തില്‍ തുല്യപങ്കാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. ജയരാജന്‍ മുപ്പത്തിരണ്ടാം പ്രതിയും, രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്.

കേസ് 14ന് കോടതി പരിഗണിക്കും. മുസ്‌ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക നേതാവായിരുന്ന അബ്ദുള്‍ ഷുക്കൂറിനെ (24), 2012 ഫെബ്രുവരി 20ന് ചെറുകുന്ന് കീഴറയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് രണ്ടര മണിക്കൂര്‍ വിചാരണക്കുശേഷം കൊലപ്പെടുത്തുകയായിരുന്നു.

chandrika: