കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി അരിത ബാബു. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്. എല്ലാ അര്‍ഥത്തിലും പാര്‍ശ്വവത്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.
പശുവിനെ പോറ്റി ഉപജീവനം നടത്തുന്ന പെണ്‍കുട്ടിയാണ് അരിത. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം പരിഗണിച്ചാല്‍ മനസിലാവും അരിതയുടെ പൊതു സ്വീകാര്യത. പുന്നപ്ര ഡിവിഷനിലേക്ക് നാമനിര്‍ദേശം നല്‍കിയെങ്കിലും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിരുന്നു. അങ്ങനെ സാങ്കേതികമായി മാത്രം അവര്‍ സ്ഥാനാര്‍ഥിയായി. പ്രചാരണങ്ങള്‍ക്കൊന്നും ഇറങ്ങിയില്ല. എന്നിട്ടും ആയിരത്തോളം വോട്ടുകള്‍ അരിതയെ തേടിയെത്തി. 15 വര്‍ഷത്തോളമായി വിദ്യാര്‍ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
ജില്ലാ പഞ്ചായത്ത് അംഗമായി കായംകുളത്ത് നിന്ന് വിജയിച്ചിരുന്നു അരിത. മണ്ഡലം സ്വന്തം നാടുമാണ്. ഓരോ സ്ഥലവും സുപരിചിതമാണെന്നതും അരിതക്ക് നേട്ടമാകും. അച്ഛന്‍ തുളസീധരന്‍, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണു പേരിന്റെ കൂടി ചേര്‍ത്തത്. അച്ഛനൊപ്പം പരിപാടികള്‍ക്കുപോയാണു തുടക്കം.
സ്‌കൂളിലും കോളജിലും കെഎസ്യു പ്രവര്‍ത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകര്‍ഷകയാകുന്നതും.