ആലപ്പുഴ: തന്നെ സമൂഹമാധ്യമങ്ങളില്‍ ‘കറവക്കാരിയെന്ന്’ വിളിച്ചധിക്ഷേപിക്കുന്ന സിപിഎം സഖാക്കള്‍ക്ക് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ചുട്ടമറുപടിയുമായി അരിതാ ബാബു.
പുതുപ്പള്ളിയിലെ ഒരു സാധാരണ ക്ഷീരകര്‍ഷക കുടുംബത്തില്‍ പിറന്ന തനിക്ക്, ‘കറവക്കാരിയെന്ന്’ വിളിച്ചാല്‍ ശിരസുതാഴില്ലെന്നും, അഭിമാനത്തോടെ തലയുയര്‍ത്തി ‘കറവക്കാരിയെന്ന’ വിശേഷണം ഏറ്റെടുക്കുമെന്ന് അരിതാ ബാബു പറഞ്ഞു.
ജീവിതത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരച്ച പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ ‘കറവക്കാരിയെന്നു’ വിളിച്ചാക്ഷേപിച്ച സിപിഎമ്മിന് സമൂഹം മാപ്പു നല്‍കില്ലെന്നും, കായംകുളം നിയമസഭാ മണ്ഡലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അരിത വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ‘സ്റ്റാര്‍ കാന്‍ഡിഡേറ്റാണ്’ അരിതാ ബാബുവെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചു. രാവിലെ നാലു മണിക്ക് ഉണര്‍ന്ന് ആറു പശുക്കളുടെ പാല്‍ പതിനഞ്ചു വീടുകളിലും, പുതുപ്പള്ളി ഗോവിന്ദമുട്ടം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലും തന്റെ ഇരുചക്രവാഹനത്തില്‍ എത്തിക്കുന്ന, പുതുപ്പള്ളി ഗ്രാമം കണികണ്ടുണരുന്ന നന്മയാണ് അരിതാ ബാബുവെന്നും, കായംകുളം നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചുവരുമ്പോള്‍ കായംകുളം കണികണ്ടുണരുന്ന നന്മയായി അരിത മാറുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ജോണ്‍സണ്‍ എബ്രഹാം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.