അരിക്കൊമ്പന്‍ നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 15 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവില്‍ ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറും.
കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അപ്പര്‍ കോതയാര്‍ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ ഇന്നലെ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിരുന്നു. കന്യാകുമാരി വനമേഖലയില്‍ നിന്നുളള സിഗ്നല്‍ ലഭിച്ചിട്ടുണ്ട്.
തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നല്‍കിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവില്‍ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. റേഡിയോ കോളര്‍ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിച്ചുവരികയാണ്. ഈ മാസം ആറിനാണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്.