അരിക്കൊമ്പനെ കയറ്റിയ ലോറി ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടു. ആനയെ ഇനി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റും. ശാന്തന്‍പാറ മേഖലയില്‍ നാട്ടുകാരെ ഭീതിയില്‍ നിര്‍ത്തിയിരുന്ന അരിക്കൊമ്പനെ പിടികൂടി എവിടേക്ക് മാറ്റുമെന്ന് വനംവകുപ്പ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
ശക്തമായ കാറ്റും മഴയും ദൗത്യത്തിന് വെല്ലുവിളിയായെങ്കിലും തീവ്രപരിശ്രമത്തിനൊടുവില്‍ വിജയം കണ്ടു. കുംകിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തില്‍ കയറ്റിയത്. ഇതിനിടെയില്‍ കുംകിയാനകളെ ആക്രമിക്കാനും അരിക്കൊമ്പന്‍ ശ്രമിച്ചു.
മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടിയ ശേഷം ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടിയിരുന്നു. പുതിയ കാട്ടില്‍ ഇറക്കിവിടുന്നതിന് മുന്‍പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കും.