X

അരികില്‍ ലിയോ,വനിതാ ദിനത്തില്‍ പരിചയപ്പെടാം വനിതാ കായിക റിപ്പോര്‍ട്ടറെ

ഫൈസല്‍ മാടായി

മുന്നില്‍ അതാ സാക്ഷാല്‍ ലിയോ മെസി…, കിലിയന്‍ എംബാപ്പേ, നെയ്മര്‍, എയ്ഞ്ചലോ ഡി മരിയ, ദോനോരുമ….. പാരീസ് സെന്റ് ജര്‍മന്‍ എന്ന സൂപ്പര്‍ ക്ലബിന്റെ സ്വന്തം മൈതാനമായ പാര്‍ക്ക് പ്രിന്‍സെസില്‍ ജുഷ്‌ന ഷഹീന എന്ന കണ്ണൂരുകാരി കളി റിപ്പോര്‍ട്ട് ചെയ്യുകയാണ്…മൈതാനത്തില്‍ നിന്നുയരുന്ന ആരവങ്ങള്‍ക്കൊപ്പം അലിഞ്ഞ് കളിയുടെ സുന്ദര നിമിഷങ്ങളും പകര്‍ന്നേകി മത്സര വീര്യത്തോളം വളരുകയാണ് ഇവിടെയൊരു പെണ്‍കൊടി. യൂറോപ്പും കീഴടക്കിയാണ് അവളുടെ കളി വര്‍ത്തമാനം.

ജുഷ്‌ന ഷഹിനാണ് കളിയെഴുത്തിലെ ഈ മിടുക്കി. കുട്ടിക്കാലത്തെ പന്തുകളി ഭ്രമത്തില്‍നിന്ന് തുടങ്ങുന്നു സ്പാനീഷ് പഠിച്ച് കളിയെഴുത്തിലെ അരങ്ങേറ്റം. മെസിയുടെ പരിശീലന കേമ്പിലും കരീം ബെന്‍സേമയുടെ വാര്‍ത്താസമ്മേളനത്തിലും സാന്നിധ്യമറിയിച്ചു ജുഷ്‌ന. കഴിഞ്ഞ ദിവസം പാരീസിലെത്തിയാണ് വന്‍കിട താരങ്ങളുടെ വിശേഷങ്ങള്‍ ശേഖരിച്ചത്. പ്രവേശനം ലഭിച്ച മുപ്പതോളം അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകരില്‍ ഏക ഇന്ത്യക്കാരിയായിരുന്നു ജുഷ്‌ന.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഇന്ത്യാ-സ്പാനീഷ് കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ്സ്പാനിഷ് ലാംഗ്വേജ് അസിസ്റ്റന്റായി സെലക്ഷന്‍ കിട്ടിയവരില്‍ ഏക മലയാളിയാണ്. സ്‌പെയിനില്‍ ബാഴ്‌സ ക്ലബ്ബ് ആസ്ഥാനത്ത് മെസിയെ കൂടിക്കാഴ്ച നടത്താന്‍ ബാഴ്‌സയുടെ ഔദ്യോഗിക ലെറ്റര്‍ കവര്‍ നേടി കുറിപ്പ് നല്‍കിയപ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലും ഇടം നേടിയിരുന്നു.

പാപ്പിനിശ്ശേരി സ്വദേശിയാണ് ജുഷ്‌ന. 2006ല്‍ സ്‌കൂള്‍ പഠന കാലത്ത് ഫുട്‌ബോള്‍ കളി കണ്ടത് മുതല്‍ ഉള്ളില്‍ കയറിയതാണ് സോക്കര്‍ പ്രണയം. കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് നേരെ പോയതാണ് ജെഎന്‍യുവില്‍ സ്പാനീഷ് ബിരുദ പഠനത്തിന്. പത്രപ്രവര്‍ത്തകന്‍ സി.കെ.എ ജബ്ബാറിന്റെ മകളാണ് ജുഷ്‌ന. മാതാവ്: സിഎച്ച് നാസില. അവാദ് അഹമ്മദാണ് ജീവിത പങ്കാളി. ജാവേദ് അക്തര്‍ (ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി), ജിനാന്‍ അഹമ്മദ് (പ്ലസ്‌വണ്‍ ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി) എന്നിവരാണ് സഹോദരങ്ങള്‍.

Test User: