ഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചതാണെങ്കിലും എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കണമെന്ന് ആരിഫിന് നിര്‍ബന്ധമായിരുന്നു. അതിന് പണമില്ലാത്ത ബന്ധുക്കള്‍ക്ക് അയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്‍കി. അടക്കം ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ആ മൃതദേഹങ്ങള്‍ അയാള്‍ ഏറ്റെടുത്ത് മറവു ചെയ്തു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ അതിനും മടിച്ചുമാറിനിന്നില്ല. ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്.
കോവിഡിനാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങും തണലുമായി നിന്ന ആ നല്ലമനസ്സിന്റെ ഉടമയേയും ഒടുവില്‍ കോവിഡ് കൊണ്ടുപോയി. എല്ലാവര്‍ക്കും ഉചിതമായ യാത്രയയപ്പ് ഉറപ്പാക്കിയ ആരിഫിന് പക്ഷേ ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ബന്ധുക്കള്‍ക്കും പോലും സാധിച്ചില്ല. കോവിഡ് ബാധിച്ച് ശനിയാഴ്ച രാവിലെ മരിച്ച ആരിഫ് ഖാന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്‌കരിക്കുകയും ചെയ്തു.
6 മാസത്തിലധികമായി വീട്ടില്‍ പോകാതെ ആരിഫ് ഖാന്റെ താമസം ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു. കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനത്തിന്റെ ഭാഗമായിരുന്നു ഈ നാല്‍പത്തെട്ടുകാരന്‍. കോവിഡ് രോഗികളുമായി ആംബുലന്‍സില്‍ നിര്‍ത്താതെയുള്ള ഓട്ടം. ഈ ആറുമാസത്തിനിടെ ഫോണില്‍ മാത്രമാണ് ആരിഫ് ഭാര്യയേും കുട്ടികളേയും ‘കണ്ടത്’.
ഡല്‍ഹിയില്‍ സൗജന്യ അവശ്യസര്‍വീസ് നടത്തുന്ന ശഹീദ് ഭഗത് സിങ് സേവാദള്‍ എന്ന സംഘടനയില്‍ ജോലിചെയ്തിരുന്ന ആരിഫ് ഖാന്‍ പ്രതിമാസം ശമ്പളമായി കിട്ടിയിരുന്നത് 16,000 രൂപയാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ആരിഫ്. 9000 രൂപ വീട്ടുവാടക ഇനത്തില്‍ തന്നെ നല്‍കി, ബാക്കി തുക കൊണ്ടായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്
മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ ഭംഗിയായി നടന്നുവെന്ന് ഉറപ്പുവരുത്തിയിരുന്ന ആരിഫിനെ അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തകനായ ജിതേന്ദര്‍ കുമാര്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്നിനാണ് ആരിഫിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു. കോവിഡിനെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ലെന്നും തന്റെ തൊഴില്‍ നല്ല രീതിയില്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ആരിഫിന്റെ ഇളയമകന്‍ ആദില്‍ പറഞ്ഞു. വീട്ടില്‍നിന്ന് വസ്ത്രങ്ങളോ മറ്റോ എടുക്കാന്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ് മാര്‍ച്ച് 21 ന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ആദില്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ മറ്റുള്ളവര്‍ക്കായി നിലകൊണ്ട ആരിഫ് നന്മ എന്ന വാക്കിന്റെ പര്യായമാണ്.