X

അവയവദാന പ്രതിജ്ഞയില്‍ ലോക റെക്കോര്‍ഡിട്ട് ഏരീസ് ഗ്രൂപ്; 1625 വളണ്ടിയര്‍മാര്‍ പ്രതിജ്ഞയെടുത്തു

ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റാനും പരമാവധി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ് നടപ്പാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് ലോക റെക്കോര്‍ഡ്. 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.

ഡിസംബര്‍ 7ന് ഇതുസംബന്ധിച്ച പ്രചാരണ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് 1,625 പേര്‍ വളണ്ടിയര്‍മാരായി അണി ചേര്‍ന്ന് പ്രതിജ്ഞയെടുത്തിരുന്നു. കാമ്പയിന്റെ ഔദ്യോഗിക ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രീന്‍ ലൈഫ് ഫൗണ്ടര്‍ ഫാ.ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി. ഏരീസ് ഗ്രൂപ്പിന്റെ ക്രിസ്മസ് ആഘോഷത്തിന് വേറിട്ട മാനവും പ്രസക്തിയും നല്‍കിയ പരിപാടിയായിരുന്നു ഇത്.

യുഎഇയില്‍ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളില്‍ നിന്നും നിരവധിയാളുകളും ഈ പ്രതിജ്ഞയില്‍ പങ്കെടുത്ത് സമ്മതപത്രം നല്‍കി. ഒപ്പം, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതല്‍ മികച്ച ആരോഗ്യ സംരക്ഷണവും അവയവ ദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നു. ജീവനക്കാരുടെ (18 വയസ്സിന് മുകളില്‍ പ്രായമുള്ള) കുടുംബാംഗങ്ങളും കാമ്പയിന്‍ ഭാഗമായി.

ഭാവിയിലുണ്ടാകുന്ന ഏരീസ് ഗ്രൂപ്പിന്റെ തൊഴില്‍ തസ്തികകളില്‍ 90% അവയവ ദാന പ്രതിജ്ഞയെയോ, അല്ലെങ്കില്‍ അതിന്റെ പ്രചാരണത്തെയോ അടിസ്ഥാനമാക്കി റിസര്‍വ് ചെയ്യുന്നതാണ്. അത്തരം പരിശ്രമങ്ങളെ ജീവനക്കാരുടെ കഴിവ് വര്‍ധിക്കാനായുള്ള ടൂള്‍ ആയ എഫ്ഫിസത്തിലൂടെ പരിഗണിക്കുന്നതാണ്. സാമൂഹിക പ്രതിബദ്ധതാ രംഗത്ത് ഇത് മുതല്‍ക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് പറഞ്ഞു.

ലോകത്ത് നിലവില്‍ ഈ രംഗത്ത് ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുള്ള ഏറ്റവും വലിയ സംഭാവനയാണിതെന്നും, യുഎഇയില്‍ ഗ്രീന്‍ ലൈഫുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കിയതെന്നും, ഇതിന്റെ പ്രചാരണത്തിന് ഭരണകര്‍ത്താക്കളില്‍ നിന്ന് ഔദ്യോഗിക അംഗീകാരം നേടിയ ഫാ.ഡേവിസ് ചിറമ്മേലാണ് ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നതിലൂടെ അവയവ ലഭ്യത വര്‍ധിക്കുകയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അത് കൂടുതല്‍ സഹായിക്കുകയും ചെയ്യും. അവയവ മാഫിയയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും കാലക്രമേണ അവയെ തുടച്ചു നീക്കാനും സാധിക്കുമെന്നും ആ മഹദ് ലക്ഷ്യം കൂടി ഏരീസ് ഗ്രൂപ് മുന്നോട്ട് വെക്കുന്നുവെന്നും സോഹന്‍ റോയ് കൂട്ടിച്ചേര്‍ത്തു.അവയവദാനത്തില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ശരീരം മികച്ച രീതിയില്‍ പരിചരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കും.

അവയവ ദാന പ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഎഇ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റ് കമ്മിറ്റി ചെയര്‍മാനും മിഡില്‍ ഈസ്റ്റ് സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റേഷന്‍ പ്രസിഡന്റുമായ ഡോ. അലി അല്‍ ഉബൈദി, ഏരീസ് ഗ്രൂപ് ചെയര്‍മാന്‍ സോഹന്‍ റോയ്, എംഡി അജിത്.പി, എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ല മഹമ്മദ് അല്‍ മിഹ്‌യാസ്, ഗ്രീന്‍ ലൈഫ് സിഇഒ മാത്യു (ഖത്തര്‍) തുടങ്ങിയവര്‍ സംബന്ധി ച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ പ്രതീപ്, ജോ.ജന.സെക്രട്ടറി ജിബി ബേബി, ട്രഷറര്‍ ഷാജി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ. വൈ.എ റഹീം, ഇ.പി ജോണ്‍സണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

webdesk13: