അര്‍ജന്റീനയുടെ രക്ഷകന്‍ എയ്ഞ്ചല്‍ ഡി മരിയ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന് ഡി മരിയ. അര്‍ജന്റീനിയന്‍ ഔട്ട്‌ലെറ്റ് ടൊഡോ പാസയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീണ്ട 16 വര്‍ഷത്തെ കരിയറാണ് ഡി മരിയ അവസാനിപ്പിക്കുന്നത്.
അടുത്ത വര്‍ഷം കോപ്പ അമരിക്കയോടെ അത് അവസാനിപ്പിക്കും. ദേശീയ ടീമിനൊപ്പം എന്റെ അവസാന ടൂര്‍ണമെന്റായിരിക്കും അത്. ലിയോയ്‌ക്കൊപ്പം, ഞാന്‍ എല്ലാം നേടി. അദ്ദേഹത്തോടൊപ്പം ഒരു ക്ലബ്ബില്‍ കളിക്കാന്‍ പറ്റില്ല എന്നത് മാത്രമായിരുന്നു ബാക്കി. പാരിസ് സെന്റ് ജര്‍മെനില്‍ അതും സംഭവിച്ചു. ക്ലബില്‍ നിന്ന് വിടപറയാന്‍ നേരം മെസിയെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു, ‘ഒന്നിച്ച് ഒരു ക്ലബ്ബില്‍ കളിക്കാന്‍ കഴിഞ്ഞതില്‍, എല്ലാ ദിവസവും കാണാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്” ഡി മരിയ പറഞ്ഞു.
‘ഒരു വര്‍ഷം മുഴുവന്‍ ലിയോയെ കണ്ടിരിക്കാനും ഒപ്പം പരിശീലിക്കാനും അവന്‍ ചെയ്യുന്നതൊക്കെ കാണാനും കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു അത്’ ഡി മരിയ കൂട്ടിച്ചേര്‍ത്തു. 35 കാരനായ ഡി മരിയ 134 മത്സരങ്ങളില്‍ അര്‍ജന്റീനക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. നിലവില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഡിമരിയ 28 ഗോളുകള്‍ നേടിയിട്ടുണ്ട്.
ടീമിനൊപ്പം 2022 ലോകകപ്പ്, 2021 കോപ അമേരിക്ക, ഫൈനലിസിമ ടൂര്‍ണമെന്റ് വിജയങ്ങളിലും പങ്കാളിയായി. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തുകയായിരുന്നു. നിലവില്‍ ബെന്‍ഫിക്ക ക്ലബ്ബിന് വേണ്ടിയാണ് താരം കളിക്കുന്നത്.
യൂറോപ്പിലെ പ്രമുഖരായ പി.എസ്.ജി, റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ക്ക് വേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടി.