X

ലോകകപ്പ് യോഗ്യത; അര്‍ജന്റീനക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചേ മതിയാകൂ

റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ അര്‍ജന്റീനക്ക് വിയര്‍പ്പൊഴുക്കിയേ മതിയാകൂ. നിലവിലെ രണ്ടാം സ്ഥാനക്കാരുടെ ഇപ്പോഴത്തെ നില പരിതാപകരമാണ്. അഞ്ചാം സ്ഥാനത്താണിപ്പോള്‍ മെസിയും സംഘവും. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാനാകൂ. അഞ്ചാം സ്ഥാനക്കാര്‍ക്ക് ഓഷ്യാനിയ ജേതാക്കളുമായി പ്ലേ ഓഫ് കളിച്ച് ജയിക്കണം. അത് കൊണ്ട് തന്നെ വലിയ മുന്നൊരുക്കങ്ങളിലാണ് അര്‍ജന്റീനിയന്‍ ടീം.

നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ മാത്രമെ നേരിട്ട് ലോകകപ്പിന് യോഗ്യത നേടാനാകൂ. മറ്റന്നാള്‍ ഉറുഗ്വെയുമായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനായി ലയണല്‍ മെസിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നേരത്തെ തന്നെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

പുതിയ കോച്ച് സാംപോളിക്ക് കീഴില്‍ രണ്ട് ദിവസം മുമ്പെ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. ലയണല്‍ മെസി, ഡി മരിയ തുടങ്ങി സീനിയര്‍ താരങ്ങളെല്ലാം ക്ലബ് മത്സരങ്ങള്‍ വിട്ട് ദേശീയ ടീമിനൊപ്പമുണ്ട്. മറ്റന്നാള്‍ ഉറുഗ്വെയുമായിട്ടാണ് അര്‍ജന്റീനയുടെ മത്സരം. സുവാരസും കവാനിയുമുള്‍പ്പെടുന്ന ഉറുഗ്വെക്കെതിരെ വിജയിക്കണമെങ്കില്‍ സാംപോളിക്കും സംഘത്തിനും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. മുന്നേറ്റ നിരയില്‍ മെസിക്കൊപ്പം ഡിബാലയും ഡിമരിയയും ഇറങ്ങാനാണ് സാധ്യത.

chandrika: