X

സിംഗപ്പൂരിനെ കളി പഠിപ്പിച്ച് അര്‍ജന്റീന ഓസീസിനെ തകര്‍ത്ത് ബ്രസീല്‍

 

സിംഗപ്പൂര്‍സിറ്റി/ മെല്‍ബണ്‍: സൗഹൃദ മത്സരങ്ങളില്‍ ദുര്‍ബലര്‍ക്കെതിരെ ശക്തന്‍മാര്‍ക്ക് ഏകപക്ഷീയ ജയം. അര്‍ജന്റീന സിംഗപ്പൂരിനെ ഏകപക്ഷീയമായ അരഡസന്‍ ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. സിംഗപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന സിംഗപ്പൂരിനെ ഗോളില്‍ മുക്കി. തീര്‍ത്തും വിരസമായ ആദ്യ 20 മിനിറ്റുകള്‍ക്ക് ശേഷമാണ് മത്സരം ചൂടുപിടിച്ചത്. 25-ാം മിനിറ്റില്‍ ഫെഡറികോ ഫാസിയോയിലൂടെയാണ് ലാറ്റിനമേരിക്കന്‍ ജയന്റ്‌സ് ഗോള്‍ പട്ടിക തുറന്നത്. 31-ാം മിനിറ്റില്‍ ജോക്വിം കോറിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രാജ്യാന്തര മത്സരങ്ങളില്‍ കോറിയയുടെ കന്നി ഗോളായിരുന്നു ഇത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നിട്ടു നിന്ന സിംഗപ്പൂര്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കു പിന്നില്‍ പന്തിനായി ഓടുന്ന തളര്‍ന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാം പകുതിയുടെ 60-ാം മിനിറ്റില്‍ അലസാന്‍ഡ്രോ ഗോമസ് ലീഡ് മൂന്നാക്കി. സിംഗപ്പൂരിന്റെ മുറിവില്‍ ഉപ്പു തേച്ചു കൊണ്ട് 74-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ പരേഡസ് നാലാം ഗോള്‍ സിംഗപ്പൂര്‍ വലയില്‍ നിറച്ചു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ തുടരെ രണ്ടു ഗോളുകള്‍ കൂടി നേടി അര്‍ജന്റീന 6-0 എന്ന നിലയില്‍ സമഗ്ര ആധിപത്യം കൈവരിക്കുകയും ചെയ്തു. ലൂകാസ് അലാരിയോ, എയ്ഞ്ചല്‍ ഡി മരിയോ എന്നിവരായിരുന്നു അഞ്ച്, ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
അതേ സമയം മെല്‍ബണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെള്ളിയാഴ്ച ചിര വൈരികളായ അര്‍ജന്റീനയില്‍ നിന്നുമേറ്റ പരാജയത്തിന്റെ ക്ഷീണം തീര്‍ത്ത ബ്രസീല്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് താരതമ്യേന ദുര്‍ബലരായ ഓസ്‌ട്രേലിയയെ തകര്‍ത്തത്. മത്സരത്തിന്റെ 11-ാം സെക്കന്റില്‍ ഡീയാഗോ സൂസയിലൂടെ മുന്നില്‍ എത്തിയ ബ്രസീല്‍ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകള്‍ കങ്കാരുക്കളുടെ വലയില്‍ നിറച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയെങ്കിലും പിന്നീട് ഗോള്‍ വരള്‍ച്ച നേരിട്ട ബ്രസീല്‍ പട 62-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ഫിലിപ്പ് കുട്ടീഞ്ഞോ എടുത്ത കോര്‍ണര്‍ കിക്ക് ഡേവിഡ് ലൂയിസ് ഓസീസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയെങ്കിലും തിയാഗോ സില്‍വ സുന്ദരമായ ഹെഡറിലൂടെ ഓസീസിന്റെ വല ചലിപ്പിച്ചു. സ്‌കോര്‍ 2-0. 15 മിനിറ്റിന് ശേഷം ടൈസണ്‍ ബ്രസീല്‍ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഡീയാഗോ സൂസ തന്റെ രണ്ടാം ഗോളും ഒപ്പം ബ്രസീലിന്റെ നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

chandrika: