ബ്രസീലിനെതിരെ ജൂണ്‍ 13-ന് നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള അര്‍ജന്റീനാ ടീമില്‍ നിന്ന് സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ പുറത്ത്. കോച്ച് എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കിയതിനു ശേഷം നടക്കുന്ന ആദ്യ മത്സരത്തിനുള്ള ടീമില്‍ വിദേശ ക്ലബ്ബുകളില്‍ കളിക്കുന്നവരുടെ പേരു വിവരങ്ങള്‍ മാത്രമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തു വിട്ടത്. അര്‍ജന്റീനയില്‍ കളിക്കുന്ന താരങ്ങളെ പിന്നീട് ചേര്‍ക്കും.
സെര്‍ജിയോ അഗ്വേറോക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്റര്‍ പാബ്ലോ സബലേറ്റയും തഴയപ്പെട്ടപ്പോള്‍ ഇരുവരുടെയും ക്ലബ്ബ്‌മേറ്റായ നിക്കൊളാസ് ഒറ്റമെന്‍ഡിക്ക് അവസരം ലഭിച്ചു. അതേസമയം, ഈ സീസണില്‍ സിറ്റിക്കു വേണ്ടി 15-ലേറെ മത്സരങ്ങളില്‍ ഗ്ലൗ അണിഞ്ഞ ഗോള്‍കീപ്പര്‍ വില്ലി കബായറോക്ക് ദേശീയ ടീമില്‍ അവസരം ലഭിച്ചില്ല.
2013-നു ശേഷം ഇതാദ്യമായി അവസരം ലഭിക്കുന്ന ഇന്റര്‍ മിലാന്‍ താരം മൗറോ ഇക്കാര്‍ഡിയാണ് അഗ്വേറോക്ക് പകരക്കാരന്‍. ചൈനീസ് ലീഗില്‍ കളിക്കുന്ന എസിക്വീല്‍ ലവേസ്സി, അത്‌ലറ്റികോ മാഡ്രിഡിന്റെ എയ്ഞ്ചല്‍ കൊറയ, ബ്രസീലിയന്‍ ക്ലബ്ബ് സാവോപോളോയുടെ താരം ലൂകാസ് പ്രാറ്റോ എന്നിവരും ടീമിലില്ല.
ഈ സീസണ്‍ ഒടുവില്‍ സെവിയ്യ വിടുന്ന കോച്ച് ഹോര്‍ഹെ സാംപൗളി അര്‍ജന്റീനയില്‍ ചുമതലയേല്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൗഹൃദ മത്സരത്തിന് ഉണ്ടാകുമോ എന്നു വ്യക്തമല്ല.
ടീം
ഗോള്‍കീപ്പര്‍മാര്‍: നഹുവേല്‍ ഗുസ്മാന്‍, സെര്‍ജിയോ റൊമേറോ, ജെറോനിമോ റുള്ളി.
പ്രതിരോധം: ഇമാനുവല്‍ മമ്മാന, ഗബ്രിയേല്‍ മെര്‍ക്കാഡോ, ഹവിയര്‍ മഷരാനോ, നിക്കോളാസ് ഒറ്റമെന്‍ഡി.
മധ്യനിര: എവര്‍ ബനേഗ, ലൂകാസ് ബിഗ്ലിയ, മാനുവല്‍ ലാന്‍സിനി, ലിയനാര്‍ഡോ പരഡേസ്, ഗിഡോ റോഡ്രിഗ്വസ്, എഡ്വാഡോ സല്‍വിയോ.
മുന്നേറ്റം: ജോക്വിന്‍ കൊറയ, എയ്ഞ്ചല്‍ ഡിമരിയ, പൗലോ ഡിബാല, അലയാന്ദ്രോ ഗോമസ്, ഗോണ്‍സാലോ ഹിഗ്വയ്ന്‍, മൗറോ ഇക്കാര്‍ഡി, ലയണല്‍ മെസ്സി.