മാഡ്രിഡ്: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ശേഷം അര്‍ജന്റീന ഫുട്‌ബോള്‍ ടീം സ്‌പെയിനിനെതിരായ അടുത്ത മത്സരത്തിനായി മാഡ്രിഡിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഹവിയര്‍ മഷരാനോ, എവര്‍ ബനേഗ, നിക്ലാസ് ഒറ്റമെന്‍ഡി, മാര്‍ക്കോസ് റോഹോ തുടങ്ങിയവര്‍ പ്രത്യേക വിമാനത്തിലാണ് മാഡ്രിഡിലെ ബറായാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചൊവ്വാഴ്ചയാണ് സ്‌പെയിന്‍ – അര്‍ജന്റീന മത്സരം.
മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീന ഇറ്റലിയെ തോല്‍പ്പിച്ചത്. ലയണല്‍ മെസ്സി, റൊമേറോ, മഷരാനോ, റോഹോ തുടങ്ങിയവരെ കോച്ച് കളിപ്പിച്ചിരുന്നില്ല. എവര്‍ ബനേഗ, മാനുവല്‍ ലാന്‍സിനി എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന ജയിച്ചത്.
അര്‍ജന്റീനക്കെതിരെ ഏറ്റവും മികച്ച ടീമിനെ തന്നെയാവും സ്‌പെയിന്‍ കോച്ച് യുലന്‍ ലോപെതെഗുയ് ഇറക്കുക. വ്യക്തിപരമായ കാരണങ്ങളാല്‍ മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വക്ക് കോച്ച് അവധി നല്‍കിയിട്ടുണ്ട്. ജര്‍മനിക്കെതിരായ സൗഹൃദ മത്സരത്തില്‍ സ്‌പെയിന്‍ 1-1 സമനില പാലിച്ചിരുന്നു.
അത്‌ലറ്റികോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ സ്‌പെയിനിനെ നേരിടുമ്പോള്‍ മെസ്സിയടക്കമുള്ള ഏറ്റവും ശക്തമായ ടീമിനെ തന്നെയാവും അര്‍ജന്റീന കോച്ച് ഹോര്‍ഹെ സാംപൗളി ഇറക്കുക എന്നാണ് കരുതുന്നത്. റയല്‍ മാഡ്രിഡിന്റെ മത്സരത്തിനു മുന്നോടിയായി റയല്‍ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടായ വാല്‍ദബാസിലാണ് മെസ്സിയും സംഘവും പരിശീലനം നടത്തുക. മെസ്സിയടക്കമുള്ള ബാര്‍സ ടീം എല്‍ ക്ലാസിക്കോ മത്സരം കളിക്കാനെത്തിയപ്പോള്‍ താമസിച്ച ഹോട്ടലില്‍ തന്നെയാണ് അര്‍ജന്റീന ടീം താമസിക്കുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കാണ് മത്സരം.