X

മെസ്സി തിരിച്ചു വരുമോ? നയം വ്യക്തമാക്കി അര്‍ജന്റീന ടീമിന്റെ ജനറല്‍ മാനേജര്‍

ബ്യൂണസ് അയേഴ്‌സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ കുപ്പായത്തില്‍ കളി മതിയാക്കിയിട്ടില്ലെന്നു വ്യക്തമാക്കി അര്‍ജന്റീന ജനറല്‍ മാനേജര്‍ ഹോര്‍ഹെ ബുറുച്ചാഗ. ബാര്‍സ താരം 2019-ല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും മെസ്സിയുടെ തിരിച്ചുവരവ് ടീമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നും 1986 ലോകകപ്പ് നേടിയ ടീമിലെ അംഗമായ ബുറുച്ചാഗ പറഞ്ഞു.

ഈ വര്‍ഷത്തെ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു പുറത്തായ ശേഷം മെസ്സി ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ല. ‘മെസ്സിയുടെ തിരിച്ചുവരവിന് തിയ്യതി കുറിച്ചിട്ടില്ല. പക്ഷേ, ഈ വര്‍ഷത്തില്‍ ഇനി അദ്ദേഹം കളിക്കുമെന്ന് കരുതുന്നില്ല. തീര്‍ച്ചയായും അദ്ദേഹം 2019-ല്‍ ദേശീയ ടീമിനായി കളിക്കും. ഇപ്പോഴത്തെ വിട്ടുനില്‍പ്പ് താല്‍ക്കാലികം മാത്രമാണ്.’ ബുറുച്ചാഗ പറഞ്ഞു. അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റില്‍ താരം ടീമിനെ നയിക്കുമെന്നും ബുറുച്ചാഗ കൂട്ടിച്ചേര്‍ത്തു.

യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത് നിര്‍ണായക മത്സരത്തിലെ മെസ്സിയുടെ ഹാട്രിക്കാണ്. ഇക്വഡോറിനെതിരെ അവരുടെ ഗ്രൗണ്ടില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 4-1 ന് ജയിച്ചാണ് അര്‍ജന്റീന മുന്നേറിയത്. പക്ഷേ, ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഐസ്‌ലാന്റുമായി സമനില വഴങ്ങിയതും ക്രൊയേഷ്യയോട് തോറ്റതും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മൂന്നാം മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം റൗണ്ടിലെത്തിയത്. ഫ്രാന്‍സിനെതിരെ രണ്ടാം പകുതിയില്‍ 2-1 ന് മുന്നിലെത്തിയെങ്കിലും 4-3 ന് തോല്‍ക്കുകയായിരുന്നു. ലോകകപ്പിനു ശേഷം കോച്ച് ഹോര്‍ഹെ സാംപൗളിയെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുകയും ചെയ്തു.
ദേശീയ ടീമിലേക്ക് തിരിച്ചുവരവിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെയും ആരാധകരുടെയും അന്വേഷണത്തിന് മെസ്സി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പുതിയ കോച്ച് ലയണല്‍ സ്‌കലോനി് മെസ്സിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്താത്തത് 31-കാരന്‍ ഇനി ദേശീയ ടീമില്‍ കളിച്ചേക്കില്ല എന്നതിന്റെ സൂചനയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. മെസ്സിയുമായി സംസാരിച്ചിട്ടില്ലെന്നും താരം ഇനി ദേശീയ ടീമില്‍ കളിക്കുമോ എന്നറിയില്ല എന്നുമായിരുന്നു സ്‌കലോനിയുടെ വാക്കുകള്‍. എന്നാല്‍, ബുറുച്ചാഗയുടെ വെളിപ്പെടുത്തല്‍ മെസ്സി ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: