ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത 3 ഗോളിന് അര്‍ജന്റീന തകര്‍ത്തു. ലയണല്‍ മെസ്സിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ നിക്കോ ഗോണ്‍സാലസ്, ഹൂലിയന്‍ ആല്‍വരസ്, എഞ്ചല്‍ ഡി മരിയ എന്നിവരാണ് അര്‍ജന്റീനയുടെ മുന്നേറ്റനിരയെ നയിച്ചത്.
31ാം മിനിറ്റില്‍ ഡി മരിയയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 39ാം മിനിറ്റില്‍ ബോളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്തുപേരുമായി കളിച്ച ബൊളീവിയക്ക് ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. 42ാം മിനിറ്റില്‍ ഡി മരിയയുടെ അസിസ്റ്റില്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോ തന്റെ ആദ്യ രാജ്യന്തര ഗോള്‍ നേടിയതോടെ 2 ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ അവസാനം 83ാം മിനിറ്റില്‍ നിക്കോ ഗോണ്‍സാലസും ലക്ഷ്യം കണ്ടതോടെ ബോളീവിയന്‍ പതനം പൂര്‍ണമാവുകയായിരുന്നു.
ലാറ്റിനമേരിക്കയില്‍ ഏറ്റവും ദുര്‍ഘടമായ മൈതാനമാണ് ലാപസിലേത്. സമുദ്ര നിരപ്പില്‍ നിന്ന് 3600 അടിക്ക് മുകളിലുള്ള സ്‌റ്റേഡിയത്തില്‍ അര്‍ജന്റീക്ക് ഏറെ ഇടറിവീണ ചരിത്രമാണുള്ളത്. അതേ സമയം തുടര്‍ച്ചയായ രണ്ടാം ജയമാണ് അര്‍ജന്റീന ലാപാസില്‍ നേടുന്നത്. 2020 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അര്‍ജന്റീന അവസാനമായി ലാപാസില്‍ കളിച്ചതും ജയിച്ചതും.
കഴിഞ്ഞ ദിവസം ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരുഗോളിന് അര്‍ജന്റീന ജയിച്ചിരുന്നു. മെസ്സിയുടെ മനോഹരമായ ഫ്രീക്കിക്ക് ഗോളിലൂടെയാണ് അര്‍ജന്റീന ജയിച്ചുകയറിയത്.
ഇന്ന് ബൊളീവിയക്കെതിരെ മെസ്സി ഇറങ്ങുമെന്നായിരുന്നു അവസാനം വരെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. ഒടുവില്‍ അന്തിമ ഇലവന്‍ വന്നതോടെയാണ് മെസ്സിക്ക് വിശ്രമമാണെന്ന അറിയിപ്പുണ്ടാകുന്നത്. അതേസമയം, മെസ്സി പരിക്കിന്റെ പിടിയിലാണെന്ന അഭ്യൂഹങ്ങളെ അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കലോനി തള്ളി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നും ഇനിയും പ്രധാനപ്പെട്ട മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ വിശ്രമം നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിനെതിരെ ഒരു ഗോളിന് ഉറുഗ്വെയെ പരാജയപ്പെടുത്തി.