X

ഒളിംപിക്‌സില്‍ അര്‍ജന്റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍; ലോകപ്പിന് ശേഷം ഇതാദ്യം

ഖത്തര്‍ ലോകകപ്പിലെ ഫൈനലിന് പിന്നാലെ വീണ്ടുമൊരു അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടം. പാരീസ് ഒളിംപിക്സ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മൊറോക്കോ അമേരിക്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ഒളിംപിക്സിലെ വെള്ളിമെഡല്‍ ജേതാവായ സ്പെയിന്‍ ജപ്പാനെയും ഈജിപ്ത്-പരാഗ്വേയെയും നേരിടും.

മുന്‍ ഇതിഹാസ താരം തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ഫ്രഞ്ച് ടീം മികച്ച ഫോമിലാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങിയ ടീം മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇതുവരെ ഒരുഗോള്‍ പോലും വഴങ്ങിയിട്ടില്ല. എന്നാല്‍ മൊറോക്കോക്കെതിരായ വിവാദ മാച്ചില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് മുന്നേറിയത്. അര്‍ജന്റീന മുന്‍ ഡിഫന്‍ഡര്‍ ഹാവിയര്‍ മഷരാനോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് ന്യൂസിലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ അര്‍ജന്റീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.

കോപ അമേരിക്ക കിരീടം നേടിയശേഷം അര്‍ജന്റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള ഗാനംപാടിയത് വലിയ വിവാദമായിരുന്നു. ഒളിംപിക്സില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് ഗ്യാലറിയില്‍ നിന്ന് വലിയ കൂവലാണ് ലഭിച്ചത്. വിവാദം കത്തിനില്‍ക്കെയാണ് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ പോരാടുന്നത് . 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ മെസ്സിയും സംഘവും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മൂന്നാം ലോകകപ്പ് നേടിയത്.

അര്‍ജന്റീനയ്ക്ക് വേണ്ടി സീനിയര്‍ താരങ്ങളായ ജൂലിയന്‍ അല്‍വാരസും, ബെന്‍ഫിക്കയുടെ ഓട്ടമെന്‍ഡിയും, ഗോള്‍കീപ്പറായ റുള്ളിയുമാണ് ബൂട്ട് കെട്ടുന്നത്. അതേസമയം ഫ്രാന്‍സിന് വേണ്ടി സീനിയാര്‍ താരമായ ലകസാറ്റയും ബയേണിലേക്ക് ചേക്കേറിയ ഒലിസെയുമാണ് ഇറങ്ങുന്നത്.

webdesk13: