മോസ്‌ക്കോ: അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയേഷ്യേയോട് എതിരില്ലാത്ത മൂന്നു ഗോളിന് നാണംകെട്ട് തോറ്റത്തോടെ ടീമില്‍ പൊട്ടിതെറിയെന്നും പരിശീലകന്‍ യോര്‍ഗെ സാംപോളിയുടെ തൊപ്പി തെറിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഫെഡറേഷന്‍ രംഗത്തെത്തിയത്.
ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സാംപോളിയെ പുറത്താക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പരിശീലകന്‍ സംപോളിയെ പുറത്താക്കില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. റഷ്യന്‍ ലോകകപ്പില്‍ ഒരു തോല്‍വിയും ഒരു സമനിലയുമായി നില്‍ക്കുന്ന അര്‍ജന്റീനയുടെ പ്രീ-ക്വാര്‍ട്ടര്‍ ഭാവി ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പരിശീലകനെതിരേ നടപടിയെടുക്കുന്നത് ടീമിനെ മൊത്തത്തില്‍ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അസോസിയേഷന്‍.
ക്രൊയേഷ്യക്കെതിരായ തോല്‍വിക്ക് ഉത്തരവാദി സംപോളിയാണെന്ന് ടീമിലെ മുന്നേറ്റ താരം സെര്‍ജിയോ അഗ്വൂറോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് സംപോളി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയെന്ന വാര്‍ത്ത പരന്നത്. കളിക്കു ശേഷം ടീം യോഗത്തില്‍ നൈജീരിയക്കെതിരായ മത്സരത്തിന് മുന്‍പ് സംപോളിയെ മാറ്റണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതോടെ അര്‍ജന്റീന പരിശീലകന്‍ എന്ന നിലയിലുള്ള സാംപോളിയുടെ ഭാവി തുലാസിലായെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനോട് 1-1ന് സമനില കുടങ്ങിയ പോരാട്ടത്തിലും ക്രൊയേഷ്യക്കെതിരായ മത്സരത്തിലും ടീം തെരഞ്ഞെടുത്തതില്‍ പരിശീലകന് വന്‍ വീഴ്ചകള്‍ സംഭവിച്ചതായി വിലയിരുത്തല്‍. നേരത്തെ ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാനുവേണ്ടി ഗോളടിച്ച് കൂടിയ മൗറോ ഇക്കാര്‍ഡിയെ ടീമില്‍ എടുക്കാത്തതും വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
അതേസമയം ക്രൊയേഷ്യക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരാധകരോട് സാംപോളി മാപ്പു പറഞ്ഞിരുന്നു. ചിലിയ്ക്ക് 2015ലെ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത സാംപോളി കഴിഞ്ഞ വര്‍ഷം ജൂണിലാണ് അര്‍ജന്റീന ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.