X
    Categories: MoreNewsSports

അര്‍ജന്റീന വീണ്ടുമിറങ്ങുന്നു; മെസ്സിയും പ്രമുഖരുമില്ല

ലോസ് എയ്ഞ്ചല്‍സ്: ലോകകപ്പിനു ശേഷം അര്‍ജന്റീന ആദ്യമായി ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നു. ഹോര്‍ഹെ സാംപൗളി പുറത്തായതിനു ശേഷം ടീമിന്റെ ചുമതലയുള്ള ഇടക്കാല കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ ശനിയാഴ്ച ഗ്വാട്ടിമലക്കെതിരെയാണ് അര്‍ജന്റീന കളിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 8.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയേക്കും.

അന്താരാഷ്ട്ര മത്സര ഷെഡ്യൂളിന്റെ ഭാഗമായി ക്ലബ്ബുകളില്‍ നിന്ന് അവധിയിലാണെങ്കിലും ലയണല്‍ മെസ്സിയടക്കമുള്ള പ്രമുഖര്‍ ഗ്വാട്ടിമലക്കെതിരെ കളിക്കുന്നില്ല. കൊളംബിയക്കെതിരായ അടുത്ത മത്സരത്തിലും മെസ്സി കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയുടെ അഭാവം ടീമിനെ ബാധിക്കുമെങ്കിലും അദ്ദേഹത്തിന് സാവകാശം നല്‍കുമെന്ന് സ്‌കലോനി പറഞ്ഞു. ‘അദ്ദേഹം ഇപ്പോള്‍ കുടുംബത്തിനൊപ്പം ജീവിതം ആസ്വദിക്കട്ടെ. പിന്നീട് എന്താണ് സംഭവിക്കുക എന്നത് അപ്പോള്‍ കാണാം. ടീമിന് സ്ഥിരം കോച്ചും പദ്ധതികളും ഉണ്ടാകുമ്പോള്‍ മെസ്സിയുടെ മനസ്സില്‍ എന്താണെന്ന് നമുക്ക് അറിയാനാകും.’ – മെസ്സി ദേശീയ ടീമിലേക്ക് തിരിച്ചെത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സ്‌കലോനി പറഞ്ഞു.

ഗ്വാട്ടിമലക്കെതിരായ മത്സരത്തില്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന ജിയോവനി ലോ സെല്‍സോ, ക്രിസ്റ്റിയന്‍ പവോണ്‍ തുടങ്ങിയവര്‍ കളിച്ചേക്കും. സെര്‍ജിയോ റൊമേറോ ഇനിയും പരിക്കില്‍ നിന്നു മോചിതനായിട്ടില്ലാത്തതിനാല്‍ ജെറോനിമോ റുള്ളിയാവും ഗോള്‍വല കാക്കുക. റോഗലിയോ ഫ്യൂനസ് മോറി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുന്‍ ദേശീയ താരവും അത്‌ലറ്റികോ മാഡ്രിഡ് കോച്ചുമായ ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവന്നി സിമിയോണിക്കും ടീമില്‍ ഇടംലഭിച്ചേക്കും. ചില കളിക്കാര്‍ക്ക് ദേശീയ ടീമില്‍ അരങ്ങേറാനുള്ള അവസരമാകുമെന്നാണ് കരുതുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: