X

ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന തകര്‍ന്നടിഞ്ഞു

മോസ്‌കോ: മൈതാനത്ത് തീര്‍ത്തും പരാജിതമായ അര്‍ജന്റീനന്‍ ടീമിനെ മിസിഹായുടെ കാലുകള്‍ക്കും രക്ഷിക്കാനായില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ ഐസ്‌ലന്റിനെതിരെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ പാപഭാരവും പേറിയിറങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നു തരിപ്പണമായി. ഇതോടെ റഷ്യന്‍ ലോകകപ്പിലെ അര്‍ജന്റീനിയുടെ പ്രതീക്ഷകള്‍ക്ക് തീര്‍ത്തും മങ്ങലേറ്റു. 53ാം മിനുട്ടില്‍ അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ വില്‍ഫ്രഡ് കാബല്ലേറോക്ക് പറ്റിയ, തീര്‍ത്തും ഒഴിവാക്കാമായിരുന്നൊരു പിഴവാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീനിയന്‍ ആരാധാകരുടെ മനസ്സില്‍ തീകോരിയിട്ട് സ്വന്തം വലയില്‍ ഗോളായി പതിച്ചത്. ആളൊഴിഞ്ഞ പോസ്റ്റിനു മുന്നില്‍നിന്ന് കാബല്ലീറോ തട്ടിയകറ്റാന്‍ ശ്രമിച്ച പന്ത് നേരെ വന്നത് ക്രോട്ടിന്റെ 18ാം നമ്പര്‍ താരം ആന്റെ റിബകിനു മുന്നില്‍. വെട്ടിത്തിരിഞ്ഞുള്ള കിക്കില്‍ കണ്‍ചിമ്മിത്തുറക്കും വേഗത്തില്‍ പന്ത് അര്‍ജന്റീനിയന്‍ വലയില്‍ പതിച്ചു.

ആദ്യ ഗോള്‍ വീണതോടെ ക്രൊയേഷ്യ പ്രതിരോധം കൂടുതല്‍ ശക്തമാക്കി ആക്രമണത്തിന് മൂര്‍ച്ച കുറച്ചു. ഇതോടെ മെസ്സിയും സംഘവും ക്രോട്ടിന്റെ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 63ാം മിനുട്ടില്‍ ഗോള്‍വലക്കു മുന്നില്‍ ഹിഗൈ്വയിന്‍ തട്ടി നല്‍കിയ പന്ത് മെസ്സിക്കു മുന്നില്‍ അവസരം തുറന്നിട്ടെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതിനിടെ 80-ാം മിനുട്ടില്‍ ലുക്ക മോഡ്രിക്കിലൂടെ ക്രോട്ട് എണ്ണം പറഞ്ഞ മറ്റൊരു ഗോള്‍ കൂടി അര്‍ജന്റീനിയന്‍ വലയിലെത്തിച്ചു. ഇതോടെ അര്‍ജന്റീനിയന്‍ ക്യാമ്പ് പൂര്‍ണമായും നിരാശയിലേക്ക് കൂപ്പു കൂത്തി. 86ാം മിനുട്ടില്‍ ക്രോട്ടിന്റെ ഇവാന്‍ റാക്റ്റിക്ക് എടുത്ത ഫ്രീ കിക്ക് തലനാരിഴക്കാണ് അര്‍ജന്റീനിയന്‍ ഗോള്‍ പോസ്റ്റില്‍ തട്ടിയൊഴിഞ്ഞത്. ഇഞ്ച്വറി ടൈമിലായിരുന്നു ക്രോട്ടിന്റെ മൂന്നാം ഗോള്‍ പിറന്നത്. ആദ്യ മത്സരത്തില്‍ നൈജീരിയയെ വീഴ്ത്തിയ ക്രൊയേഷ്യ ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

chandrika: