ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച നടക്കാനിരുന്ന ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം അര്‍ജന്റീന റദ്ദാക്കി. ഫലസ്തീന്‍ ജനതയുടെ വികാരം മനസിലാക്കി മത്സരം ഉപേക്ഷിച്ചെന്ന് അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മത്സരം ഉപേക്ഷിച്ചതിനെ കുറിച്ച് ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷനോ രാഷ്ട്രീയ നേതാക്കളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനന്‍ പ്രസിഡണ്ടിനെ വിളിച്ച് മത്സരം ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലുമായി ഫുട്‌ബോള്‍ കളിക്കരുതെന്ന് നേരത്തെ ഫലസ്തീന്‍ ഭരണകൂടം അര്‍ജന്റീന ടീമിനോട് ആവശ്യപ്പെട്ടിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഫലസ്തീന്‍ ജനത ആഘോഷത്തിലാണ്. ഗാസ, റാമല്ല, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം ഫലസ്തീന്‍കാര്‍ ആഹ്ലാദപ്രകടനം നടത്തി. അര്‍ജന്റീന ടീമിന് നന്ദി രേഖപ്പെടുത്തി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവന പുറത്തിറക്കി. മത്സരം റദ്ദാക്കിയതിലൂടെ മൂല്യങ്ങളും ധാര്‍മ്മികതയും സ്‌പോര്‍ട്‌സും വിജയിച്ചിരിക്കുകയാണെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജിബ്‌രീല്‍ റജൗബ് പറഞ്ഞു.
മെസ്സി സമാധാനത്തിന്റേയും സ്‌നേഹത്തിന്റെയും പ്രതീകമാണ് അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിക്കുള്ളത്. സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണ് ഇസ്രായേല്‍. അവരുമായി ഫുട്‌ബോള്‍ കളിക്കരുതെന്ന് ഫലസ്തീന്‍ ആരാധകര്‍ നേരത്തെ മെസ്സിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘നത്തിങ് ഫ്രണ്ട്‌ലി’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു-ജിബ്‌രീല്‍ റജൗബ് പറഞ്ഞു.
ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്. അറബ് നാടുകളില്‍ മെസ്സിക്ക് വന്‍ ആരാധകരാണുള്ളത്. ഇസ്രായേലില്‍ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്‍ ജഴ്‌സിയും ചിത്രങ്ങളും മെസ്സി ആരാധകര്‍ കത്തിക്കണമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിരുന്നു.