ന്യൂജഴ്‌സി: ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനക്കും ജയം. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ആതിഥേയരെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ അര്‍ജന്റീന ലോസ് എയ്ഞ്ചല്‍സില്‍ 3-0 നാണ് ഗ്വാട്ടിമലയെ തകര്‍ത്തത്. ഉറുഗ്വേ, കൊളംബിയ, ഇക്വഡോര്‍ ടീമുകളും ജയം കണ്ടു. ലോകകപ്പില്‍ മികച്ച പ്രകടനവുമായി ആരാധകരുടെ മനം കവര്‍ന്ന ബ്രസീല്‍ കോച്ച് ടിറ്റേ, മികച്ച ടീമിനെ തന്നെയാണ് അമേരിക്കക്കെതിരെ അണിനിരത്തിയത്. കുറിയ പാസുകളും ഭാവനാസമ്പന്നമായ നീക്കങ്ങളുമായി ആക്രമിച്ചു കളിച്ച ബ്രസീല്‍ 11-ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെയാണ് അക്കൗണ്ട് തുറന്നത്. വലതുഭാഗത്തുനിന്ന് ഡഗ്ലസ് കോസ്റ്റ തൊടുത്ത ക്രോസ് ലിവര്‍പൂള്‍ താരം കൃത്യമായി കണക്ട് ചെയ്യുകയായിരുന്നു. 43-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ നെയ്മര്‍ ടീമിന്റെ രണ്ടാം ഗോളും നേടി. ബ്രസീലിന്റെ പെരുമക്കൊപ്പം നില്‍ക്കാനായില്ലെങ്കിലും ഡേവ് സറാചന്‍ പരിശീലിപ്പിക്കുന്ന അമേരിക്കയും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. പലപ്പോഴും ഗോളിന് തൊട്ടടുത്തെത്തിയ അവര്‍ക്ക് ദൗര്‍ഭാഗ്യവും പരിചയക്കുറവും തിരിച്ചടിയായി.
കഴിഞ്ഞ തലമുറയിലെ കളിക്കാരെ പൂര്‍ണമായും തഴഞ്ഞ് ടീമൊരുക്കിയ അര്‍ജന്റീന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ജയിച്ചത്. മത്സരത്തിലുടനീളം 11 കളിക്കാര്‍ക്ക് ദേശീയ ടീമില്‍ അരങ്ങേറാന്‍ കോച്ച് ലയണല്‍ സ്‌കലോനി അവസരം നല്‍കി. ഫിനിഷിങിലെ പോരായ്മ കാരണം മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സ്‌കലോനിയുടെ സംഘം 27-ാം മിനുട്ടിലാണ് ആദ്യഗോളടിച്ചത്. എതിര്‍താരം ബോക്‌സില്‍ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനാല്‍ട്ടി ഗോണ്‍സാലോ മാര്‍ട്ടിനസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 35-ാം മിനുട്ടില്‍ ജിയോവനി ലോ സെല്‍സോ ലീഡുയര്‍ത്തി.മുന്‍താരം ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവനി സിമിയോണിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 44-ാം മിനുട്ടില്‍ നിരവധി പ്രതിരോധക്കാര്‍ക്കിടയിലൂടെ സിമിയോണി തൊടുത്ത ഹാഫ്‌വോളി ഗ്വാട്ടിമല കീപ്പര്‍ക്ക് അവസരം നല്‍കാതെ വലകുലുക്കി.
സൂപ്പര്‍താരം ലൂയിസ് സുവാരസ് ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ഒന്നിനെതിരെ നാലു ഗോളിനാണ് ഉറുഗ്വേ മെക്‌സിക്കോയെ തകര്‍ത്തുവിട്ടത്. 21-ാം മിനുട്ടില്‍ ഹോസ ഗിമനസ് ഉറുഗ്വേയെ മുന്നിലെത്തിച്ചെങ്കിലും 25-ാം മിനുട്ടില്‍ റൗള്‍ ഹിമനസിന്റെ പെനാല്‍ട്ടി ഗോളില്‍ മെക്‌സിക്കോ ഒപ്പമെത്തിയിരുന്നു. 32, 40 മിനുട്ടുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. 59-ാം മിനുട്ടില്‍ ഗാസ്റ്റന്‍ പെരീറോയുടെ ഗോളിന് ബാര്‍സതാരം വഴിയൊരുക്കുകയും ചെയ്തു.
വെനിസ്വേലക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് കൊളംബിയ ജയം പിടിച്ചെടുത്തത്. ഡ്രാവിന്‍ മാച്ചിസ് വെനിസ്വേലയെ 4-ാം മിനുട്ടില്‍ തന്നെ മുന്നിലെത്തിച്ചെങ്കിലും 55-ാം മിനുട്ടില്‍ കാര്‍ലോസ് ബാക്കയുടെ അസിസ്റ്റില്‍ റഡമല്‍ ഫാല്‍ക്കാവോ ഗോള്‍ മടക്കി. 90-ാം മിനുട്ടില്‍ യിമ്മി കാരയാണ് വിജയഗോള്‍ നേടിയത്. എന്നര്‍ വലന്‍സിയ, റെനറ്റോ ഇബാറ എന്നിവരുടെ ഗോളില്‍ ഇക്വഡോര്‍ ജമൈക്കയെ തോല്‍പ്പിച്ചു.