സൂറിച്ച്: ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ പിന്തള്ളി ബ്രസീല്‍ ഫിഫ ലോക ഫുട്‌ബോള്‍ റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടൊപ്പം ചിര വൈരികളായ അര്‍ജന്റീനയുമായുള്ള പോയിന്റ് അന്തരം കുറക്കാനും ബ്രസീലിനായി.
അര്‍ജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ കഴിഞ്ഞ ആറ് മത്സരങ്ങളും വിജയിച്ച ബ്രസീല്‍ അര്‍ജന്റീനയ്‌ക്കെതിരെ 3-0ന്റെ ആധികാരിക വിജയവും കൈവരിച്ചിരുന്നു. ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് 1634 പോയിന്റും ബ്രസീലിന് 1544 പോയിന്റുമാണുള്ളത്. 1433 പോയിന്റുമായി ജര്‍മ്മനി മൂന്നാമതാണ്. അതേ സമയം ആറാം സ്ഥാനത്തായിരുന്ന ചിലി നാലാം സ്ഥാനത്തേക്കു കയറി. എന്നാല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയം അഞ്ചാം സ്ഥാനത്തേക്കും കൊളംബിയ ആറിലേക്കും മാറി. ഫ്രാന്‍സ് ഏഴാം സ്ഥാനത്തും പോര്‍ച്ചുഗല്‍ എട്ടാമതും ഉറുഗ്വേ ഒമ്പാതാമതുമെത്തിയപ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിന്‍ 10-ാമതാണ്. ഇറ്റലി മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്ന് 16ലേക്കു വീണു.
റിപ്പബ്ലിക്കോഫ് അയര്‍ലന്‍ഡ്, ഈജിപ്ത് എന്നീ ടീമുകളാണ് പുതിയ റാങ്കിങില്‍ ആദ്യ 50ല്‍ വന്‍ കുതിപ്പ് നടത്തിയത്. അതേ സമയം 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 87-ാം സ്ഥാനത്തെത്തിയ അര്‍മേനിയയാണ് പുതിയ റാങ്കിങില്‍ വിസ്മയം തീര്‍ത്തത്.
ചാഡ് 49 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 152ല്‍ എത്തിയതാണ് ഏറ്റവും മോശം റാങ്ക്. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ടീം 23-ാം സ്ഥാനത്തെത്തി. ഈജിപ്ത് 36-ാം റാങ്കിലേക്കു കയറി. ഏഷ്യയില്‍ മൂന്നു സ്ഥാനം താഴ്ന്നുവെങ്കിലും 30-ാം സ്ഥാനത്തുള്ള ഇറാനാണ് ഒന്നാമത്. 37-ാം റാങ്കിലുള്ള ദക്ഷിണ കൊറിയയാണ് രണ്ടാമത്. ഏഴു റാങ്കുകളാണ് കൊറിയ മെച്ചപ്പെടുത്തിയത്. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജപ്പാന്‍ 45ലുമാണ്. ഇന്ത്യ നിലവിലെ റാങ്കായ 137ല്‍ തന്നെയാണ്.