മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം കൂടി ചേര്‍ന്നതാണ് ഖജനാവ്: കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ് എം.എല്‍.എ

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെ മുസ്‌ലിം ബജറ്റെന്നും ഹലാല്‍ ബജറ്റെന്നും ആക്ഷേപിച്ച ബി.ജെ.പി അംഗങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ റിസ്‌വാന്‍ അര്‍ഷദ്. മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേയെന്നും വികാരഭരിതനായി നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു.

മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ. അവര്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ. അല്ല എന്നാണെങ്കില്‍ അവര്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നു പ്രഖ്യാപിക്കട്ടെ. ഇവിടുത്തെ മുസ്‌ലിംകളെല്ലാം നികുതി അടക്കുന്നവരാണ്. ഞങ്ങളുടെ നികുതിപ്പണം കൂടി ചേര്‍ന്നതാണ് ട്രഷറിയിലെ പണം. ആ നികുതിയിലെ പങ്ക് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ. 4.10 ലക്ഷം കോടിയുടെ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതില്‍ 4,100 കോടി രൂപയാണ് ന്യൂനപക്ഷങ്ങള്‍ക്കായി മാറ്റിവച്ചത്. അത് മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനത്തോളം ന്യൂനപക്ഷങ്ങളാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി പ്രകോപിതരാവുന്നത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് റിസ്‌വാന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പൊതു കരാര്‍ പ്രവൃത്തികളില്‍ മുസ്‌ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭ പാസാക്കി. ബജറ്റ് ചര്‍ച്ചയുടെ അവസാന ദിവസമായ ഇന്നലെ ബി.ജെ.പിയുടെ എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്. നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീലാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

രണ്ടര കോടി വരെയുള്ള നിര്‍മാണ പ്രവൃത്തികളിലെ കരാറുകളില്‍ നാല് ശതമാനം സംവരണം മുസ്‌ലിം വിഭാഗത്തിന് ഏര്‍പ്പെടുത്താനുള്ള ബില്ലിന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ കര്‍ണാടകയിലെ കരാര്‍ പ്രവൃത്തികളില്‍ എസ്.സിഎസ്.ടി വിഭാഗത്തിന് 24 ശതമാനം, കാറ്റഗറി ഒന്നിലെ ഒ.ബി.സി വിഭാഗത്തിന് നാലും കാറ്റഗറി രണ്ട്എ യിലെ ഒ.ബി.സി വിഭാഗത്തിന് 15 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതിയും സാമ്പത്തിക അവസരങ്ങളും ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമാണ് സംവരണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

webdesk13:
whatsapp
line