X
    Categories: Culture

അരീക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിന് കനത്ത പ്രഹരം

കോഴിക്കോട്: മേയര്‍ പദവിയില്‍ നിന്ന് എം.എല്‍.എ സ്ഥാനത്തേക്ക് മാറിയ വി.കെ.സി മമ്മത്‌കോയക്ക് പകരക്കാരനെ വിജയിപ്പിക്കുന്നതില്‍ ഉണ്ടായ പരാജയം സി.പി.എമ്മിന് കനത്ത പ്രഹരമായി. ചെറുവണ്ണൂര്‍-നല്ലളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍കോയ സി.പി.എമ്മിനുവേണ്ടി രംഗത്തിറങ്ങിയെങ്കിലും യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം എല്‍.ഡി.എഫിന് കനത്ത തിരച്ചടി നല്‍കുകയും ചെയ്തു. 2010ല്‍ ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് കോര്‍പറേഷന്റെ ഭാഗമാക്കിയതിനെതുടര്‍ന്ന്്് ചെറുവണ്ണൂര്‍ വെസ്റ്റില്‍ നിന്ന് മത്സരിച്ച് കൗണ്‍സിലില്‍ എത്തിയ മൊയ്തീന്‍കോയ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. എന്നാല്‍ തൊട്ടടുത്ത അരീക്കാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്ന മൊയ്തീന്‍ കോയക്ക് പക്ഷേ യു.ഡി.എഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥിക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല.

പാര്‍ട്ടിയിലെ വിഭാഗീയതയും പ്രാദേശികമായ വിഷയങ്ങളും ഇത്തവണ സി.പി.എമ്മിനെ തിരിഞ്ഞുകുത്തി. യു.ഡി.എഫ് രംഗത്തിറക്കിയ സെയ്ത് മുഹമ്മദ് ഷമീല്‍ അരീക്കാട് ഭാഗത്ത് അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. ജനകീയ പ്രശ്‌നങ്ങളിലും ഇടപെടുകയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിത്വം കൂടിയാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫ് വിജയപ്രതീക്ഷയിലായിരുന്നു. ഇടത് ക്യാമ്പാകട്ടെ തുടക്കം മുതല്‍ മ്ലാനമായിരുന്നു. പ്രചാരണവേളയില്‍പോലും ആവേശം തീര്‍ക്കാന്‍ പാര്‍ട്ടി സംവിധാനം മുഴുവന്‍ പ്രയോഗിച്ചിട്ടും അവര്‍ക്ക് സാധിച്ചില്ല.

അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടിയെ കാര്‍ന്നുതിന്നുന്ന രോഗമായി മാറിക്കഴിഞ്ഞുവെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതും തോല്‍വിക്ക് കാരണമായി. ഇ.പി ജയരാജന്‍ സ്വന്തക്കാരെ വ്യവസായവകുപ്പില്‍ നിയമിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ജനം മനസ്സിലാക്കിയിരുന്നു. സി.പി.എമ്മിന്റെ ഇത്തരം നിലപാടുകളോടുള്ള കടുത്ത എതിര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്തു.

സി.പി.എമ്മിന്റെ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് അരീക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന്് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് നഗരത്തിലും അരീക്കാടും പ്രകടനം നടന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജന്‍, ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞാമുട്ടി, കൗണ്‍സിലര്‍മാരായ കെ.ടി ബീരാന്‍കോയ, പി. കിഷന്‍ചന്ദ്, പി. ഉഷാദേവി, ആയിഷാബി പാണ്ടികശാല, നേതാക്കളായ എന്‍.സി റസാക്ക്, റിയാസ് അരീക്കാട്, ബിച്ചിക്കോയ, മന്‍സൂര്‍ മാങ്കാവ്, നാസി മൂപ്പന്‍, സൗത്ത് മണ്ഡലം ലീഗ് പ്രസിഡണ്ട് കെ. മൊയ്തീന്‍കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലീഗ്ഹൗസില്‍ എത്തിയ സെയ്ത് മുഹമ്മദ് ഷമീലിനെയും മറ്റു പ്രവര്‍ത്തകരെയും സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ലീഗിന് ഒരംഗം വര്‍ധിച്ചിരിക്കുകയാണ്.

chandrika: