X

ദേശീയ പതാകയുടെ ശില്‍പി

ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ. നിലവില്‍ ആന്ധ്രാപ്രദേശിന്റെ ഭാഗമായ ഭട്ട്‌ലപെനുമരുവില്‍ 1878 ഓഗസ്റ്റ് 2 ന് ഹനുമന്ത റായുഡു-വെങ്കട രത്‌നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനിലെ കേംബ്രിഡ്ജില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വെങ്കയ്യ മടങ്ങിയെത്തി റെയില്‍വേ ഗാര്‍ഡ് ആയി സേവനം അനുഷ്ഠിച്ചു. പിന്നീട് ബെല്ലാരിയില്‍ പ്ലഗ് ഓഫീസര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഭൂമിശാസ്ത്രം, കൃഷി, വിദ്യാഭ്യാസം, ഭാഷകള്‍ എന്നിവയില്‍ വിശാലമായ അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. 1899 മുതല്‍ 1902 വരെ നീണ്ടുനിന്ന രണ്ടാം ബോയര്‍ യുദ്ധത്തിന്റെ കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടത് വെങ്കയ്യ ആയിരുന്നു. യുദ്ധത്തിന് ശേഷം മടങ്ങിയ ശേഷമാണ് വെങ്കയ്യ ദേശീയ പതാക നിര്‍മിക്കുകയും രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്തത്.

1916ല്‍ ഇന്ത്യന്‍ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് മുപ്പതു രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1918നും 1921നും ഇടയിലെ എല്ലാ കോണ്‍ഗ്രസ് സെഷനുകളിലും അദ്ദേഹം ഭാരതത്തിന് സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921ല്‍ വിജയവാഡയില്‍ നടന്ന കോണ്‍ഗ്രസ് മീറ്റിംഗില്‍വച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.

നിലവിലെ ദേശീയ പതാകയുടെ നിറങ്ങളായിരുന്നില്ല വെങ്കയ്യ ആദ്യം രൂപകല്‍പ്പന ചെയ്ത പതാകയിലുണ്ടായിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്നതിനായി യഥാക്രമം ചുവപ്പ്, പച്ച നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ആദ്യ പതാക. എന്നാല്‍ പിന്നീട്, ഗാന്ധിയാണ് ഇതില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നത്.

സമാധാനത്തിന്റെ പ്രതീകമായി വെള്ളയും സ്വാശ്രയത്വത്തെ പ്രതിനിധീകരിക്കുന്നതിനായി ചര്‍ക്കയും ചേര്‍ത്തു. വിദ്യാഭ്യാസ വിദഗ്ധന്‍ ലാല ഹന്‍സ്‌രാജിന്റെ ശിപാര്‍ശകളെ തുടര്‍ന്നായിരുന്നു ആ മാറ്റങ്ങള്‍. 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. പിന്നീട് 1931ലെ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ചുവപ്പ് നിറത്തെ കുങ്കുമമാക്കി മാറ്റിയത്. കുങ്കുമ നിറം, വെള്ള, പച്ച എന്നിങ്ങനെ നിറത്തിന്റെ സ്ഥാനങ്ങള്‍ മാറ്റിയതും വെളുത്ത ബാന്‍ഡിന്റെ ഒത്ത നടുക്കായി ചര്‍ക്ക സ്ഥാപിച്ചതും ഇതേ കമ്മിറ്റിയായിരുന്നു. 1963 ജൂലൈ 4 നാണ് വെങ്കയ്യ അന്തരിച്ചത്. 1992ല്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമ റാവു ഹൈദരാബാദിലെ ടാങ്ക് ബണ്ടില്‍ വെങ്കയ്യയുടെ പ്രതിമ സ്ഥാപിച്ചപ്പോഴാണ് അദ്ദേഹത്തെ വീണ്ടും ഓര്‍മിച്ചത്.

Test User: