X

അനെക്‌സെനമുന്‍ രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നതായി ഗവേഷകര്‍

കെയ്‌റോ: അര്‍ധസഹോദരനെയും പിതാവിനെയും മുത്തച്ഛനെയും വിവാഹം ചെയ്യേണ്ടിവന്ന ഈജിപ്ഷ്യന്‍ രാജ്ഞി അനെക്‌സെനമുനിന്റെ ശവകുടീരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ചരിത്രരേഖകള്‍ ഇല്ലെങ്കിലും കേട്ടുകേള്‍വിയായി പ്രചരിച്ച നിരവധി കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന അനെക്‌സെനമുന്‍ രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് ഉത്തരമുണ്ടാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഈജിപ്തിലെ മുന്‍ പുരാവസ്തു മന്ത്രിയും പ്രശസ്ത പുരാവസ്തു ഗവേഷകനുമായ സാവി ഹവാസാണ് രാജ്ഞിയുടെ കല്ലറയെക്കുറിച്ച് സൂചന ലഭിച്ചതായി വിവരമറിയിച്ചത്.
അനെക്‌സെനമുനിന്റെ കഥകളും മറ്റു വിവരങ്ങളും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് എക്കാലവും കൗതുകം പകര്‍ന്നിട്ടുണ്ട്.
ഈജിപ്തിലെ പ്രശസ്ത രാജാവായ തുത്തന്‍ഖാമന്റെ പത്‌നിയായിരുന്നു അനെക്‌സെനമുന്‍. ഒരു അച്ഛന് രണ്ട് അമ്മമാരില്‍ പിറന്നവരായിരുന്നു ഇരുവരും. തുത്തന്‍ഖാമന്‍ മരിച്ചപ്പോള്‍ 21-ാം വയസില്‍ രാജ്ഞി വിധവയായി. തുത്തന്‍ഖാമന്റെ മുത്തച്ഛന്‍ അനെക്‌സെനമുനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ, രാജ്ഞി എതിര്‍ത്തു. രാജ്യത്തെ രാജാവിനോട് തന്നെ വിവാഹം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഒരു യാത്രക്കിടെ രാജാവ് മരിച്ചതോടെ മുത്തച്ഛന്റെ ഭാര്യയാകാന്‍ അനെക്‌സെനമുന്‍ നിര്‍ബന്ധിതയായി. ആ രാജവംശത്തിലെ എല്ലാവരുടെയും ശവകുടീരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടും അനെക്‌സെനമുനിന്റേത് മാത്രം കണ്ടെത്താന്‍ സാധിക്കാത്തത് ഇന്നും ദുരൂഹതയായി തുടരുന്നു.

chandrika: