Connect with us

kerala

‘ഞാനും നിങ്ങളുടെ അനിയത്തിയെ പോലെ ഒരു പെണ്ണാണ്’ ; കണ്ണീരിലാഴ്ത്തി അര്‍ച്ചനയുടെ അവസാന വാക്കുകള്‍

ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന, ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്

Published

on

ആലപ്പുഴ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതില്‍ മനംനൊന്ത് ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അര്‍ച്ചനയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന, ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.

‘എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’. അര്‍ച്ചനയുടെ വരികള്‍ ഇതാണ്.

യുവാവിന്റെ വീട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷമാണ് സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അര്‍ച്ചന സ്‌കൂളിനു സമീപത്തു താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിക്കാനാകില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു. ബിഎസ്സി നഴ്‌സിങ് പഠിക്കുമ്പോഴും പ്രണയം തുടര്‍ന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടി. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നും കുടുംബം ആരോപിച്ചു.

പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്ന് യുവാവ് ചോദിച്ചു. 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും യുവാവ് അറിയിച്ചു. ഇതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു.

ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച കാര്യം പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്ന്
താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്ക് പെണ്‍കുട്ടി അവശ നിലയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ പിണറായി വിജയന്‍ സാറെ, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’: ഡോ പുത്തുര്‍ റഹ്‌മാന്‍

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്‍ റഹ്‌മാന്‍

Published

on

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്‍ റഹ്‌മാന്‍. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്‍ വെച്ച് കെട്ടിയാല്‍ ലീഗിനെ കേരള ജനത ദൂരെ നിര്‍ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്‍ റഹ്‌മാന്‍ പറയുന്നു.

മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്‍ റഹ്‌മാന്‍ പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ വിജയന്‍, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’ എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്‍ വെളിപ്പെടുത്തുന്നതെന്നും
പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Continue Reading

kerala

വോട്ടെണ്ണല്‍ നാളെ; ചേലക്കരയില്‍ ആദ്യമെണ്ണുക വരവൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍

രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

Published

on

ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നാല് ടേബിളുകളും ഇടിപിബിഎംഎസ്ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളുമുള്‍പ്പെടെ ആകെ 19 ടേബിളുകളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിങ് ബൂത്തും ഉണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍. ആദ്യം വരവൂര്‍ പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങും. തുടര്‍ന്ന് ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നീ ക്രമത്തിലായിരിക്കും എണ്ണല്‍. തൃക്കണായ ബൂത്താണ് അവസാനമായി എണ്ണുക.

 

 

Continue Reading

kerala

കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

on

പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചിതെറിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

കൊടുവായൂര്‍ കിഴക്കേത്തലയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്കു പോയ കാര്‍ വയോധികരെ ഇടിക്കുകയായിരുന്നു. മീറ്ററുകളോളം ദൂരേക്ക് ഇവര്‍ തെറിച്ചുവീണു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Trending