സുഫ്യാന്‍ അബ്ദുസ്സലാം
രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ കുറിച്ചുള്ള അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസിലെ സുപ്രധാന കക്ഷിയായ രാം ലല്ല വിരാജ്മാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ: സി. എസ്. വൈദ്യനാഥന്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കാനായി പ്രധാനമായും അവലംബിച്ചത് 2003 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഉല്ഖനന റിപ്പോര്‍ട്ടിനെയാണ്.
മനുഷ്യരാശിയുടെ ചരിത്രം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്രാചീന കാലം മുതല്‍ മനുഷ്യവര്‍ഗ്ഗം അവശേഷിപ്പിച്ച ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് ഭൂതകാല സംസ്‌കാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തെയാണ് ആര്‍ക്കിയോളജി എന്നു വിളിക്കുന്നത്. പക്ഷപാതമോ മുന്‍വിധിയോ ചായ്വോ പ്രത്യേക ലക്ഷ്യങ്ങളോ ഇല്ലാതെ ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങളെ പഠനവിധേയമാക്കി പുരാവസ്തുക്കളുടെ കാലം ഗണിച്ച് അതിന്റെ സത്യാവസ്ഥ കൃത്യമായും നിഗമനം നടത്തുകയാണ് ആര്‍ക്കിയോളജി വിദഗ്ദര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ സത്യസന്ധമായി നിര്‍വ്വഹിക്കപ്പെടേണ്ട പുരാവസ്തു പരിശോധനകളില്‍ മായം ചേര്‍ക്കപ്പെട്ടുകഴിഞ്ഞാല്‍ അത് ചരിത്രത്തോടുള്ള വഞ്ചനയായിത്തീരും. ജീവിക്കുന്ന സമൂഹത്തോടുള്ള കടുത്ത അപരാധമായി അത് മാറും. അയോദ്ധ്യ വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ചെയ്തത് ഇത്തരമൊരു അപരാധമാണെന്ന് പറയാതെ വയ്യ. കടുത്ത വിവാദങ്ങളില്‍ പെടുന്ന ആദ്യത്തെ എഎസ്ഐ റിപ്പോര്‍ട്ടാണിത്. ഹിന്ദുത്വ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണിതെന്നും ശാസ്ത്രീയമായ തത്വങ്ങള്‍ വേണ്ടരീതിയില്‍ അവലംബിച്ചുകൊണ്ടല്ല ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബി ജെ പി അധികാരത്തിലിരുന്ന സമയത്ത് 2002 ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ 2.77 ഏക്കറിലുള്ള തര്‍ക്കഭൂമിക്ക് താഴെ ഖനനം നടത്താന്‍ എ.എസ്.ഐക്ക് നിര്‍ദേശം നല്‍കി. ഒരു ക്ഷേത്രമോ അതിന്റെ ഘടനയോ ഉണ്ടായിരുന്നോ എന്നും പൊളിച്ചുമാറ്റിയ ശേഷം പള്ളി നിര്‍മ്മിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനാണ് ഖനനം നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് സര്‍വേയും (ജിപിആര്‍) ജിയോ റേഡിയോളജിയും ഉപയോഗിച്ച് സര്‍വേ നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം. സര്‍വ്വേക്ക് വേണ്ടി എ.എസ്.ഐ തെരഞ്ഞെടുത്തത് ദില്ലി ആസ്ഥാനമായിട്ടുള്ള കനേഡിയന്‍ കമ്പനിയായ ടോജോ-വികാസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെയായിരുന്നു. ടോജോ-വികാസിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ യാതൊരു മുന്‍പരിചയവുമില്ലായിരുന്നു. ഇങ്ങനെയൊരു വിമര്‍ശനമുണ്ടായിരുന്നത് കൊണ്ടുതന്നെ എ എസ് ഐ യുടെ നടപടി സംശയാസ്പദമാണെന്ന നിരീക്ഷണം അന്ന് ശക്തമായിരുന്നു. 2003 ഫിബ്രവരിയില്‍ ഖനനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തര്‍ക്കഭൂമിയില്‍ കുഴിച്ചിട്ട ഘടനകളുടെ പാളികളുണ്ടെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തത് സംശയാസ്പദമായിരുന്നു. പ്രസ്തുത പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ജിപിആര്‍ കണ്ടെത്തലുകള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി സ്റ്റാറ്റ്സ് കോ നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടതിയില്‍ വാദങ്ങളുയര്‍ന്നിരുന്നു. പക്ഷെ കോടതി എതിര്‍വാദങ്ങള്‍ ആ ഘട്ടത്തില്‍ പരിഗണിച്ചില്ല. അഞ്ച് മാസത്തെ ഖനനത്തിന് ശേഷം ഓഗസ്റ്റ് 22 ന് എ.എസ്.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എ എസ് ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാങ്കേതികവും ചരിത്രപരവുമായ അപാകതകള്‍ ധാരാളം ഉള്ളതായി പ്രശസ്ത ചരിത്രകാരന്മാരായ കെ.എം. ശ്രീമാലി, ഇര്‍ഫാന്‍ ഹബീബ്, ആര്‍എസ് ശര്‍മ, ഡി. മണ്ഡല്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2003 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഫ്രണ്ട് ലൈന്‍ വാരികയില്‍ ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ കൂടിയായിരുന്ന പ്രൊഫ: കെ. എം. ശ്രീമാലി എ എസ് ഐ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ടും ശാസ്ത്രീയതയെ തള്ളിക്കൊണ്ടും ലേഖനമെഴുതുകയുണ്ടായി. ‘ണവശവേലൃ കിറശമി അൃരവമലീഹീ ഴ്യ?’ (ഇന്ത്യന്‍ ആര്‍ക്കിയോളജി എങ്ങോട്ട്?) എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് എ എസ് ഐക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇന്നേ വരെ സാധിച്ചിട്ടില്ല.
പ്രൊഫ: ശ്രീമാലി ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. 1993 ല്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും അലഹബാദ് കോടതി ഇങ്ങനെയൊരു ഉല്ഖനനത്തിനു നിര്‍ദ്ദേശിച്ചത് ശരിയായ കീഴ്‌വഴക്കമല്ല. പരിശോധന നടന്നത് പുരാവസ്തു കോണില്‍ നിന്നുകൊണ്ടല്ല എന്നും സാങ്കേതികതയുടെ പരിമിതികള്‍ കാരണമുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവാമെന്നുമുള്ള കുറ്റസമ്മതങ്ങള്‍ ഉല്ഖനനം നടത്തിയ ടോജോ-വികാസ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. എന്നിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കാന്‍ ഇതേ കമ്പനിയെ ഏല്‍പ്പിച്ചത് ദുരൂഹമാണ്. ശാസ്ത്രീയമായ ഒട്ടനവധി പൊരുത്തക്കേടുകള്‍ അദ്ദേഹം ആ ലേഖനത്തില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
‘ക്ഷേത്രം പൊളിച്ചു പള്ളി പണിതു’ എന്ന തിയറി സ്ഥാപിച്ചെടുക്കാന്‍ വേണ്ടി 1990 മുതല്‍ തന്നെ വിശ്വ ഹിന്ദു പരിഷത്ത് പുരാവസ്തു വിഭാഗത്തിന്റെ അനുകൂലമായ റിപ്പോര്‍ട്ടിനായി ശ്രമിച്ചുവന്നിട്ടുണ്ട്. പുരാവസ്തു വിഭാഗത്തിന് ഉല്ഖനനം നടത്തണമെങ്കില്‍ ബാബരി മസ്ജിദ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു ആര്‍. എസ്. എസിന്റെ സൈദ്ധാന്തിക ജിഹ്വയായ ‘മന്തനില്‍’ ബി ബി ലാല്‍ എഴുതിയത്. ബി ബി ലാല്‍ 1968 മുതല്‍ 1972 വരെയുള്ള കാലയളവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നുവെന്ന കാര്യം കൂടി നാം അറിയേണ്ടതുണ്ട്. എ എസ് ഐ യെ ഒരു ഉപകരണമാക്കി ഉപയോഗിക്കാന്‍ ആര്‍. എസ്. എസ്. ശ്രമിച്ചുവെന്ന കാര്യം വളരെ വ്യക്തമാണ്.
കോടതി ചോദിച്ച ചോദ്യത്തിന് നേര്‍ക്കുനേരെ ഉത്തരം നല്‍കി അവസാനിപ്പിക്കുന്ന രീതിയാണ് റിപ്പോര്‍ട്ടിലുള്ളത്. പള്ളിയുടെ അടിഭാഗത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടായിരുന്നുവെന്ന് പറയുക മാത്രമല്ല പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രം ബാബ്റി മസ്ജിദ് സ്ഥാപിക്കുന്നതുവരെ അവിടെ ഉണ്ടായിരുന്നു എന്നുപോലും യാതൊരു ചരിത്രബോധവുമില്ലാതെ അമിതാവേശത്തില്‍ റിപ്പോര്‍ട്ട് തട്ടിവിടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇത് വലിയ കോലാഹലമുണ്ടാക്കിയതും. ‘ഹൈക്കോടതിയുടെ അനുമതിയോടെ ഞാന്‍ ഒരു മാസത്തോളം ഖനനം നിരീക്ഷിച്ചുകൊണ്ടിരുന്നു. മനുഷ്യാസ്ഥികൂടങ്ങളും മൃഗങ്ങളുടെ എല്ലുകളും പോലുള്ള വളരെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ എ.എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരന്തരമായി പോരാടി. എ.എസ്.ഐ എല്ലാ അതിരുകളും മറികടന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ കാലഘട്ടത്തിനു മുമ്പ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവരുടെ വാദത്തിന് തെളിവുകളൊന്നുമില്ല.” ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ആര്‍ സി തകരന്‍ അസന്നിഗ്ധമായി പറഞ്ഞു. (ഫ്രണ്ട് ലൈന്‍, ഒക്ടോബര്‍ 11, 2003).
ഖനന സമയത്ത് സര്‍വ്വേ ടീമിന്റെ കൂടെയുണ്ടായിരുന്ന വിദഗ്ധരില്‍ ഒരാളായിരുന്ന പ്രമുഖ പുരാവസ്തു ഗവേഷകന്‍ പ്രൊഫ: സൂരജ് ബാന്‍ പറയുന്നു: ‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് പറയുന്ന കെട്ടിടം ഒരിക്കലും ക്ഷേത്രമാതൃകയിലായിരുന്നില്ല. സങ്കല്‍പ്പങ്ങളെ വലിച്ചു നീട്ടിയാല്‍ പോലും അതിനൊരു ക്ഷേത്രമെന്ന് പറയാനേ സാധിക്കില്ല. അതിന്റെ തറയുടെ മാതൃകയും നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളും സുല്‍ത്താന്മാരുടെ കാലഘട്ടത്തിലേതാണെന്നു തറപ്പിച്ചു പറയാന്‍ സാധിക്കും. ആ കാലഘട്ടത്തിലെ പരമ്പരാഗത മുസ്ലിം ആര്‍ക്കിടെക്ച്ചറിന് വേണ്ടി ഉപയോഗിക്കാറുണ്ടായിരുന്ന ലൈം സുര്‍ഖിയാണ് അതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ പ്ലാനാവട്ടെ ബാബരി മസ്ജിദിന്റെ അതെ പ്ലാന്‍ തന്നെയാണ്. അവിടെ നേരത്തെയുണ്ടായിരുന്ന പള്ളി വികസിപ്പിച്ചതാണെന്നേ പറയാന്‍ സാധിക്കൂ.’ 2003 സെപ്റ്റംബര്‍ 16 ഫ്രണ്ട് ലൈന്‍ വാരിക പ്രസിദ്ധീകരിച്ച ‘അതൊരു ക്ഷേത്രമായിരുന്നില്ല’ (ക േംമ െിീ േമ ലോുഹല) എന്ന തലക്കെട്ടില്‍ പാര്‍വതി മേനോന്‍ സൂരജ് ബാനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണിത്.
2003 സെപ്റ്റംബര്‍ 8 ലെ ഔട്ട്‌ലുക്ക് വാരിക പ്രസിദ്ധീകരിച്ച ‘ജവമിീോ ീള ളീശൈഹ’െ എന്ന ലേഖനവും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ‘ചില ജ്യാമിതീയ കണക്കുകള്‍ ഉപയോഗിച്ച് ഒരു സാങ്കല്‍പ്പിക ക്ഷേത്രത്തെ നിര്‍മ്മിക്കാനാണ് എ എസ് ഐ റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് കെട്ടിച്ചമച്ചതാണിത്. ഒരു സ്വത്ത് തര്‍ക്കത്തെ പരിഹരിക്കാന്‍ പുരാവസ്തു സംവാദം എങ്ങനെ ഉപകരിക്കാനാണ്?’ പ്രമുഖ ചരിത്രകാരന്‍ പത്മഭൂഷണ്‍ ഇര്‍ഫാന്‍ ഹബീബ് ഔട്ട്‌ലുക്കിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റിലെ (ടഅഒങഅഠ) ലെ റോമിലാ ഥാപ്പര്‍, കെ എന്‍ പണിക്കര്‍ എന്നിവരടക്കമുള്ള 62 അക്കാദമി അംഗങ്ങള്‍ എ എസ് ഐ റിപ്പോര്‍ട്ട് പുരാവസ്തു ഗവേഷകര്‍, പണ്ഡിതര്‍, ചരിത്രകാരന്മാര്‍ എന്നിവരെക്കൊണ്ട് പുനഃപരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ‘ആര്‍ക്കിയോളജി വിഭാഗത്തിലെ വര്‍ഗീയതക്കെതിരെ’ (അഴമശിേെ രീാാൗിമഹശമെശേീി ീള മൃരവമലഹീഴ്യ അ രൃശശേൂൗല ീള അടക ൃലുീൃ)േ എന്ന തലക്കെട്ടില്‍ ഒരു പുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങനെയൊക്കെയായിരുന്നാലും ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തെ വിലക്കെടുത്ത് സംഘ്പരിവാര്‍ നടത്തിയ ഈ നാടകങ്ങള്‍ വരും ദിവസങ്ങളില്‍ എങ്ങനെയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചില്‍ പ്രതിഫലിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബാബരി മസ്ജിദ് നിലനിന്നിരുന്ന ‘തര്‍ക്കഭൂമി’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. ബാബരിയുടെ മാത്രമല്ല, സംഘപരിവാര്‍ നോട്ടമിട്ടിരിക്കുന്ന ഒട്ടനവധി പള്ളികളുടെ ഭാവിയും ഇതിനെ ആശ്രയിച്ചിരിക്കും.
- 5 years ago
chandrika
Categories:
Video Stories
അയോധ്യ: ആര്‍ക്കിയോളജിക്കല്‍ സര്‍വേയും വിശ്വാസ്യതയും
Tags: ayodhya caseBabri Masjid