X

കേന്ദ്ര സര്‍ക്കാറിനെതിരെ ഗോവ ആര്‍ച്ച് ബിഷപ്പ്

 

പനാജി: ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ ഇടയലേഖനവുമായി ഗോവ ആര്‍ച്ച് ബിഷപ്പും. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ വിമര്‍ശിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നെരി ഫെരാവോ രംഗത്തെത്തിയത്.
ഇന്ത്യന്‍ ഭരണ ഘടന അപകടത്തിലാണെന്നും ഏക സംസ്‌കാരത്തിനായുള്ള പുതിയ പ്രവണതയാണ് കണ്ട് വരുന്നതെന്നും ബിഷപ്പ് വിമര്‍ശിക്കുന്നു. ഏക സംസ്‌കാര പ്രവണതക്കാര്‍ ഭക്ഷണം, വസ്ത്രം, ജീവിതം, ആരാധന എന്നിവയില്‍ പോലും എന്തു നിര്‍വഹിക്കണമെന്ന് നിര്‍ദേശിക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങളെ അപകടത്തിലാക്കുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ പല വ്യാജ വാഗ്ദാനങ്ങളും നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങള്‍ അവരുടെ അമൂല്യമായ വോട്ടവകാശം നിസാര നേട്ടങ്ങള്‍ക്കു വേണ്ടി വില്‍ക്കുകയാണ്. ഈ അവസരത്തില്‍ പൊതു തെരഞ്ഞെടുപ്പ് അടുക്കുകയാണ്. നമ്മള്‍ ഭരണഘടന നന്നായി അറിയാനും അത് സംരക്ഷിക്കാനുമായി പോരാടണമെന്നും ഇടയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് നമ്മളുടെ ഭരണഘടന അപകടത്തിലാണ്. ഇതിനാല്‍ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും ഫെരാവോ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇടയ ലേഖനം വിവാദമാക്കേണ്ട കാര്യമില്ലെന്നും കത്തില്‍ നിന്നും ഒന്നോ രണ്ടോ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കുകയാണ് ചില മാധ്യമങ്ങളെന്നും ബിഷപ്പ് ഹൗസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

chandrika: