X
    Categories: GULFMore

അനിയന്ത്രിതമായ വിമാനയാത്രാകൂലി വര്‍ധന സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകള്‍

അബുദാബി: അനിയത്രിതമായ വിമാനയാത്രാകൂലി വര്‍ധനവിനെതിരെ അബുദാബിയിലെ പ്രവാസി സംഘടനകള്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡയസ്‌പോറ സമ്മിറ്റിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായി കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. പരിപാടിയില്‍ അബുദാബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്രാകൂലി വര്‍ധനവ് നിയന്ത്രിക്കാന്‍ മാറിവന്നുകൊണ്ടിരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവാസി സമൂഹം പ്രതികരിക്കണമെന്ന് യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിയമവശങ്ങളെ കുറിച്ച് പ്രമുഖ അഭിഭാഷകനും കേരള ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. മുഹമ്മദ് ഷാ യോഗത്തില്‍ വിശദീകരിച്ചു. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയമായ ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എംപി മാരായ കെ.മുരളീധരന്‍, അഡ്വ.എ.എ റഹിം, ആന്റോ ആന്റണി എന്നിവര്‍ അംഗങ്ങളായ പാര്‍ലിമെന്ററി സബ് കമ്മിറ്റി ഇതുസംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചിട്ടും അത് ചര്‍ച്ച ചെയ്യുന്നതിനോ മറ്റു നടപടികള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിമാനയാത്രാകൂലി സംബന്ധിച്ച പ്രശ്‌നങ്ങളും ക്രിയാത്മകമായ പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി തയ്യാറാക്കിയ നിയമപരമായ റിപ്പോര്‍ട്ട് ഉണ്ടെന്നിരിക്കെ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇനി വരുന്ന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതോടൊപ്പം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി നിയമപരമായ പോരാട്ടത്തിന് പ്രവാസി സംഘടനകളുടെ ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നയം മാറ്റുകയും വിമാനയാത്രാകൂലിയടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനയാത്രാനിരക്ക്, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, പ്രവാസി വോട്ടവകാശം എന്നീ സുപ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തി അബുദാബി സംസ്ഥാന കെഎംസിസി അബുദാബിയിലെ പ്രവാസി സംഘടനകളെ ഒരുമിപ്പിച്ചു കഴിഞ്ഞ മാസം നടത്തിയ ഡയസ്‌പോറ സമ്മിറ്റിന്റെ തുടര്‍ച്ചയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റു വിഷയങ്ങളിലും ഇത്തരം കൂടിച്ചേരലുകളുണ്ടാകുമെന്നും ലക്ഷ്യത്തിലെത്തുംവരെ മുന്നില്‍ നിന്ന് നയിക്കാന്‍ അബുദാബി കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് പി.ബാവഹാജി, ഹൈദർ ബിൻ മൊയ്‌ദു (ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍), സഫറുള്ള പാലപ്പെട്ടി (കേരള സോഷ്യൽ സെന്റർ) എം യു ഇർഷാദ് ( അബുദാബി മലയാളി സമാജം), ഉമ്മർ നാലകത് (സോഷ്യൽ ഫോറം ), മുജീബ് ( ദർശന സാംസ്‌കാരിക വേദി) യാസർ കല്ലേരി ( വടകര എൻ ആർ ഐ ഫോറം), യസുശീലൻ (ഇൻകാസ്), ദിലീപ് ( പയ്യന്നൂർ സൗഹൃദവേദി), മുഹമ്മദ് അലി( ചങ്ങാത്തം ചങ്ങരംകുളം), അഷ്‌റഫ് (എംഇഎസ്), കബീർ (പ്രവാസി ഇന്ത്യ), ജാഫർ ( യു എ ഇ ഇസ്ലാഹി സെന്റര്), കബീർ ഹുദവി( സുന്നി സെന്റര് ), അബ്ദുൽ റസാഖ് അൻസാരി ( ഇസ്ലാഹി സെന്റര് ), ഡോക്ടർ ബഷീർ ( ഇസ്ലാഹി സെന്റർ – വിസ്‌ ഡ൦), നസീൽ ( ഫോക്കസ് അബുദാബി ), ബഷീർ ( ഗാന്ധി സൗഹൃദ വേദി) വിപികെ അബ്ദുല്ല (കെഎംസിസി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സംസ്ഥാന കെഎംസിസി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ഹംസ നടുവില്‍, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, അനീസ് മാങ്ങാട്, ഷറഫുദീന്‍ കൊപ്പം, സാബിര്‍ അഹമ്മദ്, ടി.കെ സലാം, ഇ ടി എം സുനീര്‍, ഖാദര്‍ ഒളവട്ടൂര്‍, ഹംസാ ഹാജി പാറയില്‍, മൊയ്തൂട്ടി വെളേരി, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി യൂസഫ് സി.എച്ച് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് കായക്കണ്ടി നന്ദിയും പറഞ്ഞു.

webdesk14: