തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 500 കോടികളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി. ആർ അരവിന്ദാക്ഷൻ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ എത്തിയത് പലരെയും മറികടന്ന് .മുൻമന്ത്രി എസി മൊയ്തീന്റെ അടുത്തയാളാണ് അരവിന്ദാക്ഷൻ .ഇദ്ദേഹം വായ്പ തട്ടിപ്പ് നടത്തിയ സതീഷ് കുമാറിൻറെ അടുത്തയാൾ കൂടിയാണ്.
മന്ത്രിയുമായി സതീഷിന് ബന്ധം ഉണ്ടാക്കുന്നത് അരവിന്ദാക്ഷൻ മുഖേനയാണ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ എസി മൊയ്തീൻ സ്ഥാനാർത്ഥിയായപ്പോൾ പ്രചാരണത്തിന്റെ ചുമതല വഹിച്ചത് അന്ന് പഞ്ചായത്ത് നേതാവായിരുന്ന അരവിന്ദ ക്ഷ നാണ് .സതീഷുമായി നിരന്തരം ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട് .അരവിന്ദാക്ഷന്റെ അറസ്റ്റ് മൊയ്തീനിലേക്ക് നീളുമോ എന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
മൊയ്തീനെ ഇ.ഡി രണ്ടുതവണ ചോദ്യം ചെയ്തിരുന്നു .വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ കാര്യമായ സ്വാധീനമൊന്നുമില്ലാതിരുന്ന അരവിന്ദാക്ഷൻ വളർന്നത് മൊയ്തീന്റെ സ്വാധീനം കൊണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. പാർട്ടിയിൽ ഇതിനെതിരെ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട് .2000ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് അരവിന്ദാക്ഷൻ രാഷ്ട്രീയത്തിൽ എത്തുന്നത് .പിന്നീട് സിപിഎമ്മിന്റെ ചിഹ്നത്തിൽ മത്സരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി. കരുവന്നൂർ തട്ടിപ്പിൽ വായ്പ എടുത്തവർ തിരിച്ചടവ് നടത്തുന്നില്ല .കാരണം വായ്പാരേഖകൾ ഇ.ഡി. കസ്റ്റഡിയിൽ എടുത്തതാണ്. മൊത്തം 483 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. പലരും തിരിച്ചടവ് നിർത്തിയത് അടച്ചതിന് തെളിവില്ലാതെ ആകുമോ എന്ന ഭയം കൊണ്ടാണ്.
മുമ്പ് ഇഎംഎസിനും എം എൻ ഗോവിന്ദൻ നായർക്കും ഒളിത്താവളം നൽകിയ കുടുംബം കൂടിയാണ് വായ്പാതട്ടിപ്പിനിരയായിരിക്കുന്നത്. ഇരിങ്ങാലക്കുട ഠാക്ക സ്വദേശി ഔസേപ്പിന്റെ മകൻ ജോഷിയാണ് 90 ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച് ഇപ്പോൾ ക്യാൻസർ ബാധിതനായി വീട്ടിൽ കഴിയുന്നത്. പാർട്ടിയിലെ അണികൾക്കും പ്രവർത്തകർക്കും ഇതിൽ വലിയ നിരാശയുണ്ട്. നിരവധി പാർട്ടി പ്രവർത്തകരാണ് തട്ടിപ്പിന് എരിയായിരിക്കുന്നത് .പെൻഷൻ ഫണ്ടിൽ 28 ലക്ഷം രൂപ ലഭിച്ചത് അടക്കം ബാങ്കിൽ നിക്ഷേപിച്ചത് അടക്കം തിരിച്ചുകിട്ടാതെ പലരും നിരാശയിലാണ് .തുക തിരിച്ചു കിട്ടണമെങ്കിൽ ഇനിയെന്താണ് പോംവഴി എന്നാണ് പലരും ചോദിക്കുന്നത്. സർക്കാർ സഹായിക്കുക എന്നാൽ പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് കൊടുക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തട്ടിപ്പ് നടത്തിയവരിൽ നിന്ന് തുക ഈടാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
കരുവന്നൂർ കൂടാതെ അയ്യന്തോൾ തുടങ്ങിയ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലും കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട് .ഇ.ഡിയുടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നാണ് പലരും കരുതുന്നത് .തൃശ്ശൂർ ജില്ലാ സിപിഎം നേതൃത്വത്തിൽ ഇതിനെക്കുറിച്ച് വലിയ വടംവലി തുടരുകയാണ് .നിക്ഷേപകർക്ക് ഏതുവിധേനയും തുക തിരിച്ചു നൽകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത് .കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു .എന്നാൽ എസി മൊയ്തീനെ അനുകൂലിക്കുന്ന സിപിഎം നേതൃത്വം ഏതു വിധേനയും പാർട്ടിക്ക് പരിക്കില്ലാതെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ആണ് ശ്രമിക്കുന്നത്