ഗുവഹാത്തി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആസാം കോടതിയുടെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ ഹാജറാവാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്.
മോദി 12 വരെയേ പഠിച്ചിട്ടുള്ളൂ. ശേഷമുള്ള ബിരുദങ്ങളെല്ലാം വ്യാജമാണെന്നായിരുന്നു കേസിനാസ്പദമായ കെജ്‌രിവാളിന്റെ ട്വീറ്റ്. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നല്‍കപ്പെട്ട പരാതിയിന്മേല്‍ കോടതിയില്‍ ഹാജരാവാന്‍ ദിഫു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അരവിന്ദ് കെജ്‌രിവാളിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കര്‍ബി ആങ്‌ലോങ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലംഗമായ സുര്‍ജ്യ റോങ്ഫറാണ് ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499,500,501 വകുപ്പുകള്‍ പ്രകാരമാണ് കെജ് രിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മെയ് 8ന് കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.