X

ഡല്‍ഹി പരാജയം; ആംആദ്മിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് നേതാക്കള്‍; യോഗം വിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന അംഗങ്ങള്‍ രാജിവെച്ചൊഴിയുന്നു. പരാജയത്തിന്റെ കാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കാനൊരുങ്ങുന്നു.

തെരഞ്ഞെടുപ്പ് പരാജയത്തോടെ ആദ്യം രാജിവെച്ചൊഴിഞ്ഞത് ദിലീപ് പാണ്ഡെ ആയിരുന്നു. തുടര്‍ന്ന് പഞ്ചാബ് കണ്‍വീനറായ സഞ്ജയ് സിംങും രാജിവെച്ചു. എന്നാല്‍ ഡല്‍ഹിയിലെ പരാജയം മാത്രമല്ല മുതിര്‍ന്ന നേതാക്കളുടെ രാജിയിലേക്ക് നയിച്ചത്. പഞ്ചാബിലും ഗോവയിലും നേരിട്ട പരാജയവും അതിന് കാരണമാണ്. വോട്ടിംങ് മെഷീനിലെ ക്രമക്കേടെന്ന് പറഞ്ഞ് സംസ്ഥാനങ്ങളിലെ പരാജയങ്ങളെ മൂടിവെക്കുമ്പോള്‍ ഡല്‍ഹി കോര്‍പ്പറേഷനിലെ തോല്‍വി എ.എ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നേതാക്കളുടെ വിശദീകരണങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെന്നതാണ് വാസ്തവം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 70ല്‍ 67സീറ്റും നേടി മുന്നേറിയ പാര്‍ട്ടിയാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. പാര്‍ട്ടിയുടെ തുടര്‍ച്ചയായ തോല്‍വികള്‍ മൂലം നേതാക്കന്‍മാര്‍ രാജിവെച്ചൊഴിയുന്ന പ്രതിസന്ധിയിലാണ് കെജ്‌രിവാള്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുന്നത്. കെജ്‌രിവാളിന്റെ സ്വന്തം വസതിയാണ് യോഗം നടക്കുന്നത്.

chandrika: