X

20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു. അത് സ്വാഭാവികമാണ്. പക്ഷേ ലോകത്തിലെ എല്ലാ ശക്തികള്‍ക്കൊപ്പം ദൈവവും നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാരണം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവസാനം സത്യം ജയിക്കും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ എ.എ.പി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് കൂറ്റന്‍ ഭൂരിപക്ഷമുള്ള ഡല്‍ഹിയില്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയാലും ഭരണത്തെ ബാധിക്കില്ല. അതേസമയം 20 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. എം.എല്‍.എമാരെ അയോഗ്യരാക്കുന്ന പക്ഷം ഈ സീറ്റുകളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏഴ് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

21 എം.എല്‍.എമാര്‍ക്ക് സംസ്ഥാന സര്‍ക്കാറിനു കീഴില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ പദവി നല്‍കിയ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ നടപടിയാണ് വിവാദമായത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി 2016 സെപ്തംബറില്‍ സര്‍ക്കാര്‍ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഇരട്ടപദവി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയത്. രാഷ്ട്രപതി പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തുടര്‍ന്ന് കമ്മീഷന്‍ കേസില്‍ വാദം കേള്‍ക്കുകയും പരാതിക്കാരനില്‍നിന്നും ചില എം.എല്‍.എമാരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തു. ഇരട്ടപദവി വഹിക്കുകയോ പ്രത്യേക ആനുകൂല്യം പറ്റുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യം ഡല്‍ഹി ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു എം.എല്‍.എമാരുടെ മൊഴി. ഇതിനിടെ നടപടി ഇരട്ടപദവി നിരോധന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവന്ന് പാസാക്കി. എന്നാല്‍ ഇത് ഒപ്പുവെക്കാന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കൂട്ടാക്കാതിരുന്നത് എ.എ.പിക്ക് വീണ്ടും തിരിച്ചടിയായി. ഇതെല്ലാം കണക്കിലെടുത്താണ് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള കമ്മീഷന്റെ ശിപാര്‍ശ.

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ബി.ജെ.പി പ്രീണന നയമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു. ലോകത്ത് എവിടെ അന്വേഷണം നടക്കുമ്പോഴും അതിലുള്‍പ്പെട്ട കക്ഷികള്‍ക്ക് സ്വന്തം നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ എ.എ.പി എം.എല്‍.എമാരോട് ഇതുവരെ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടില്ല. അയോഗ്യരാക്കാന്‍ ശിപാര്‍ശ ചെയ്ത നടപടി ന്യായീകരണമില്ലാത്തതാണെന്നും ഗ്രേറ്റര്‍ കൈലാഷില്‍നിന്നുള്ള എ.എ.പി എം.എല്‍.എ സൗരബ് ഭരദ്വാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി സര്‍ക്കാറിന്റെ താല്‍പര്യത്തിനൊത്താണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ എല്ലാ വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ എം.എല്‍. എമാരെ വേട്ടയാടുകയാണ് കമ്മീഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70 അംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 65 അംഗങ്ങളാണുള്ളത്. 20 പേരെ അയോഗ്യരാക്കിയാലും 45 അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നതിനാല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകില്ല. അതേസമയം 20 മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കില്‍ എ.എ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ നിലനില്‍പ്പിനുള്ള ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടും.

chandrika: