ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നവംബര്‍ 18 നാണ് സത്യപ്രതിജ്ഞ.
അടുത്ത ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെയെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ശുപാര്‍ശ ചെയ്തിരുന്നു. അയോധ്യ ഭൂമിത്തര്‍ക്കം, ബിസിസിഐ കേസ്, പടക്കങ്ങള്‍ക്കെതിരെയുള്ള ഹര്‍ജി തുടങ്ങിയ നിര്‍ണായക കേസുകള്‍ പരിഗണിച്ച ബെഞ്ചില്‍ ബോബ്‌ഡെയും അംഗമായിരുന്നു.
1956 ഏപ്രില്‍ 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് എസ് എ ബോബ്‌ഡെയുടെ ജനനം. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി, 2000 ല്‍ മുംബൈ ഹൈക്കോടതിയുടെ അഡീഷല്‍ ജഡ്ജിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ബോബ്‌ഡെ എത്തി. 2013 ലാണ് സുപ്രീംകോടതി ജസ്റ്റിസായി ബോബ്‌ഡെയെ കൊളീജിയം ഉയര്‍ത്തുന്നത്. 2021 ഏപ്രില്‍ 23 ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.