X

അറക്കല്‍ രാജകുടുംബത്തിലെ സ്ഥാനാരോഹണം; ആദിരാജ മറിയുമ്മ അധികാരമേറ്റു

കണ്ണൂര്‍: അറക്കല്‍ രാജ കുടുംബത്തില്‍ പുതിയ സ്ഥാനി അധികാരമേറ്റു. നാല്‍പതാമത് സ്ഥാനിയായി അറക്കല്‍ ആദിരാജ മറിയുമ്മയാണ് അധികാരമേറ്റു. 39ാം സ്ഥാനി ആയിരുന്ന അറക്കല്‍ ആദിരാജ ഫാത്തിമ ബീവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആദിരാജ മറിയുമ്മയുടെ സ്ഥാനാരോഹണം. അറക്കല്‍ രാജവംശത്തിന്റെ പരമ്പരാഗതമായ ആചാരങ്ങള്‍ പാലിച്ചായിരുന്നു പദവി വഹിക്കല്‍.

നിലവിളക്ക് സാക്ഷിയാക്കി വാളും അറക്കല്‍ രേഖകളും പണ്ടാര വസ്തുക്കളും താക്കോല്‍ ശേഖരങ്ങളും ആദിരാജ മറിയുമ്മയ്ക്ക് കൈമാറിയാണ് സ്ഥാനാരോഹണം നടത്തിയത്. പഴയ രാജകീയമായ അധികാരങ്ങള്‍ ഇല്ലെങ്കിലും പഴമ കൈവിടാത്ത ആചാരങ്ങളോടെ അറക്കല്‍ രാജ കുടുംബം ഇപ്പോഴും പ്രൗഢിയോടെ നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളുടെ അധികാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അറക്കല്‍ രാജകുടുംബമായിരുന്നു. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഇവിടങ്ങളില്‍ ഭരണം നയിച്ചിരുന്നു.

അറക്കല്‍ മ്യൂസിയത്തിന്റെയും കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന്റെയും ഭരണപരമായ ചുമതലകള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഇപ്പോഴും അറക്കല്‍ രാജ കുടുംബമാണ്. സ്ഥാനിയായി ആദിരാജ മറിയുമ്മ അധികാരമേല്‍ക്കുന്നത് കാണാന്‍ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചിരുന്നു.

web desk 1: