തലശ്ശേരി: മലബാറിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിലെ നിലവിലെ ബീവി സുല്‍ത്താന അറക്കല്‍ ആദിരാജാ സൈനബ ആയിശാബി(93)നിര്യാതയായി. തലശ്ശേരി ടൗണ്‍ ഹാളിനടുത്തുള്ള അറക്കല്‍ ആദിരാജ മഹലിലായിരുന്നു അന്ത്യം. കേയി തറവാട്ടിലെ പരേതനായ സി.ഒ മൊയ്തു കേയിയുടെ ഭാര്യയാണ്. അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായിരുന്നു.
2006 സെപ്തംബര്‍ 27നാണ് സൈനബ ആയിശ ബീവി ബീവിയായി അധികാരമേറ്റത്. ഏഴ് മാസത്തോളമായി വാര്‍ദ്ധക്യസഹജമായ രോഗാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ ആറര മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.
രാജ വംശത്തിലെ മുപ്പത്തി ഏഴാമത്തെ ബീവിയായി ചുമതലയേറ്റതില്‍ പിന്നീടാണ് അറക്കല്‍ രാജവംശത്തിന്റെ ചരിത്രം വിശദീകരിക്കുന്ന അറക്കല്‍ മ്യൂസിയം കണ്ണൂരില്‍ ആരംഭിച്ചത്. തലശ്ശേരി ചേറ്റംകുന്നിലെ ഫാത്തിമ മുത്തു ബീവിയാണ് അടുത്ത പിന്‍ഗാമി. മുതവല്ലി സ്ഥാനം അലങ്കരിച്ചിരു ന്ന മകന്‍ ആദിരാജാ മുഹമ്മദ് റാഫി ശ്രദ്ധേയനായിരുന്നു.
മക്കള്‍: ആദിരാജ സഹീദ, ആദിരാജ സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ ഷംസീര്‍, പരേതനായ ആദിരാജ റൗഫ്. മരുമക്കള്‍: എ.പി.എം മൊയ്തു, സാഹിറ, സാജിത, നസീമ. വൈകിട്ട് 4 മണിയോടെ വീട്ടുമുറ്റത്ത് ഔദ്യോഗിക ബഹുമതികളോടെ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മകന്‍ മുഹമ്മദ് റാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.