തലശ്ശേരി: ആദിരാജ ഫാത്തിമ മുത്ത് ബീവി (86്) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ‘ഇശലില്‍’ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് മൂന്നിന് എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ ജനനം. അറക്കല്‍ രാജ വംശത്തിന്റെ അധികാര സ്ഥാനം അലങ്കരിച്ചിരുന്ന മര്‍ഹൂം ആദിരാജ ഹംസ കോയമ്മ തങ്ങള്‍, മര്‍ഹൂം ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്.
ബീവിക്ക് വിദ്യയുടെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത് കണ്ണൂര്‍ സിറ്റിയുടെ ആധുനിക വിദ്യാഭ്യാസ ശില്‍പിയായ മര്‍ഹൂം എ.എന്‍ കോയക്കുഞ്ഞി സാഹിബാണ്. കണ്ണൂര്‍ സിറ്റിയിലെ പലമാടത്തില്‍ അറക്കലിന്റെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിച്ച കോയിക്കാന്റെ സ്‌കൂളിലാണ് അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മര്‍ഹൂം സി.പി കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകള്‍ ആദിരാജ ഖദീജ സോഫിയയാണ്.
കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.