X
    Categories: keralaNews

പട്ടികജാതിസീറ്റില്‍ അര്‍ഹതയില്ലാത്തയാളെ മല്‍സരിപ്പിച്ചത് സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി

പി.കെ .എ ലത്തീഫ്

പ്രതിരോധം തകര്‍ന്ന് സി.പി.എംദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനുള്ളിലും പുറത്തും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പട്ടികജാതി സംവരണ സീറ്റില്‍ അര്‍ഹതയില്ലാത്തയാളെ മല്‍സരിപ്പിച്ചത് സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി. അതേ സമയം ദേവികുളത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത വിവാദം വീണ്ടും ആളിക്കത്തുമെന്ന ആശങ്കയിലാണ് നേതൃത്വം. നിയമ സഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലുകള്‍ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുമ്പോള്‍ എ.രാജ എം.എല്‍.എക്കെതിരായ ഹൈക്കോടതി വിധി സി.പി.എമ്മിന് കനത്ത ആഘാതമായി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് സിറ്റിംഗ് എം. എല്‍. എ എസ്.രാജേന്ദ്രനെ മാറ്റിയാണ് എ. രാജക്ക് സീറ്റ് കൊടുത്തത്. ഇതേ തുടര്‍ന്ന് രാജേന്ദ്രന്‍ ഇടഞ്ഞു. തെരഞ്ഞെടുപ്പില്‍ എ. രാജയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി. എം.എം മണി പരസ്യമായി രാജേന്ദ്രനെതിരെ രംഗത്തുവന്നു. അതിരുവിട്ട പ്രതികരണങ്ങളില്‍ ഇരുവരും കൊമ്പുകോര്‍ത്തു. സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് രാജേന്ദ്രന്‍ സസ്‌പെന്‍ഷനിലായി. ഇതിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംജാതമായ സാഹചര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ വിവാദങ്ങളെ വീണ്ടും സജീവമാക്കും. എ.രാജയെ സ്ഥാനാര്‍ഥിയാക്കാന്‍ ചരടു വലിച്ച നേതാക്കളും സംഭവത്തില്‍ പ്രതിക്കൂട്ടിലാണ്.
ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി് സി.പി.എം. വിശദീകരണം നല്‍കാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ മറ്റൊരു സമുദായക്കാരനെ നിര്‍ത്തി മല്‍സരിപ്പിക്കുകയും ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തത് വലിയ പ്രാധാന്യമുള്ള രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.
പട്ടികജാതിക്കാര്‍ക്ക് സംവരണ മണ്ഡലങ്ങള്‍ ഭരണ ഘടന ഉറപ്പുനല്‍കുന്നതാണ്. ഇത് മറ്റുള്ളവര്‍ തട്ടിയെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിന്റെ പിന്നോക്ക സ്‌നേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമ്പോള്‍ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ മറുപടിയില്ലാതെ ഒളിച്ചോടുകയാണ്. കൈയേറ്റവും വന്യമൃഗ ശല്യവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ദേവികുളത്ത് സി.പി.എമ്മിനകത്തും പുറത്തും രാഷ്ട്രീയ പോര്‍മുഖങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു.

 

Chandrika Web: