അഷ്റഫ് വേങ്ങാട്ട്
മക്ക: മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് ലാ ശരീകലക്. നാഥന്റെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് രാവിലെ മിനായിലെക്ക് ഒഴുകിയെത്തുകയാണ്. മലയാളി തീര്‍ത്ഥാടകരുള്‍പ്പടെ ഇന്നലെ രാത്രി തന്നെ മിനാ താഴ്വരയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയിരുന്നു.
പുണ്യം പൂത്തുലഞ്ഞ മിനാ താഴ്വാരത്തില്‍ അവര്‍ണ്ണനീയമായ ആത്മീയാനന്ദത്തിന്റെ നെറുകയിലാണ് ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ .ഹാജിമാരെ വരവേറ്റുകൊണ്ട് തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാണ് മിനായുള്‍പ്പടെയുള്ള പുണ്യനഗരികള്‍. ഇബ്രാഹിം നബി (അ)യുടെ ത്യാഗോജ്ജ്വലമായ സ്മരണകള്‍ അയവിറക്കിയാണ് ആഗോള വിശ്വാസികളുടെ വാര്‍ഷിക മഹാ സംഗമം.
പുണ്യങ്ങളുടെ പൂവാടിയില്‍ പുലരും മുമ്പേ പ്രവേശിച്ചവര്‍ ഇഹ്റാമില്‍ ശുഭ്രവസ്ത്രധാരികളായി. ഭക്തിയെ ആഴത്തില്‍ നെഞ്ചേറ്റിയവരുടെ മനവും അകവും പുറവുമെല്ലാം പാപമോചന തേട്ടങ്ങളിലാകും . നശ്വരമായ ജീവിതത്തില്‍ നെഞ്ചേറ്റിയ സ്വപ്നം പൂവണിയാന്‍ ദൈവകൃപ നേടിയവര്‍ സൃഷ്ടാവിന്റെ മുമ്പില്‍ സര്‍വസ്വവും സമര്‍പ്പിക്കും. മിനായിലെ രാപ്പകലുകളില്‍ വിശുദ്ധ ഹജ്ജിന്റെ ആത്മാവ് തേടുന്നവര്‍ പാപമോചനത്തിന് വേണ്ടിയുള്ള മനമുരുകിയുള്ള തേട്ടത്തിലും ഒപ്പം ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളും ദിക്‌റുകളുമായി ജീവിത വിശുദ്ധി ഉറപ്പാക്കും. ഇതോടെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് തുടക്കമാകും.
ഇന്ന് മിനായില്‍ രാപാര്‍ത്ത് ആരാധന കര്‍മങ്ങളില്‍ മുഴുകുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചെയോടെ തന്നെ വിശ്വമാനവികതയുടെ മഹാ സംഗമത്തില്‍ അണിചേരാന്‍ അറഫയെ ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ അണിചേരാന്‍ ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും വിശാലമായ അറഫാ മൈതാനിയിലെത്തിച്ചേരും. മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി ഖുതുബ നടക്കും.
സഊദി ശൂറാ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. യുസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സയിദ് ആയിരിക്കും ഇത്തവണ ലോക വിശ്വാസി മഹാ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കുക. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും .പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടും നാളെ സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. അതേസമയം ദുല്‍ഹജ്ജ് ഒമ്പതിന് അറഫ ദിനത്തില്‍ ആഗോള മുസ്ലിംകള്‍ അറഫ നോമ്പെടുക്കും.
അറഫയില്‍ നിന്ന് വൈകീട്ടോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ ഇവിടെ വെച്ച് മഗ്രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും .ബുധനാഴ്ച്ച സുബ്ഹിക്ക് ശേഷം മിനയിലേക്ക് തിരിക്കുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖ്ബയിലും മറ്റു ജംറകളിലും പിശാചിനെ കല്ലെറിയുന്ന കര്‍മ്മം നിര്‍വഹിക്കും. ബലികര്‍മ്മവും തലമുണ്ഡനവും നിര്‍വഹിച്ച് ഹാജിമാര്‍ ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ശേഷം വിശുദ്ധ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും നിര്‍വഹിക്കും.
25 ലക്ഷത്തോളം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മിനായുടെ താഴ് വരയില്‍ രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത് . കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമാണ് മിന പൂര്‍ണ്ണ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത് . ഹോട്ടലുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് സമാനമാണ് ഇക്കുറി തമ്പുകളിലുള്ളത്. അത്യുഷ്ണമാണ് മക്കയിലും സമീപ പ്രദേശങ്ങളിലും40 മുതല്‍ 44 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്ന നേരത്തെ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാജിമാര്‍ സഞ്ചരിക്കുന്ന എല്ലാ ഭാഗങ്ങളിലും നടപ്പാതകള്‍ ശീതീകരിക്കാനും അന്തരീക്ഷം തണുപ്പിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വിശുദ്ധിയുടെ താഴ്വരയില്‍ തീര്‍ത്ഥാടകര്‍ക്ക് താങ്ങും തണലുമായി കെഎംസിസിയുടെ വളണ്ടിയര്‍മാര്‍ സദാ സമയവും കര്‍മ്മരംഗത്തുണ്ട്. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും നേതൃത്വത്തില്‍ മക്കയില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് മഹ്റമില്ലാതെ ഹജ്ജിനെത്തിയ വനിതാ തീര്‍ത്ഥാടകര്‍ക്ക് തുണയായി കെഎംസിസിയുടെ വനിതാ വിഭാഗം വളന്റിയര്‍മാര്‍ രംഗത്തുണ്ട്. മുത്തവിഫിന്റെ ഔദ്യോഗിക അനുമതിയോടെയാണ് വനിതാ ടീം ഇവിടെ ചുമതലയിലുള്ളത്. സഊദി കെഎംസിസിയുടെ ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുവ്വായിരത്തോളം വളണ്ടിയര്‍മാരാണ് ഇനിയുള്ള ദിവസങ്ങളില്‍ പുണ്യകേന്ദ്രങ്ങളില്‍ ഉണ്ടാവുക.