X
    Categories: CultureNewsViews

ശുഭ്ര സാഗരമായി അറഫ: രണ്ടര ദശലക്ഷം തീര്‍ത്ഥാടകര്‍ സംഗമിച്ചു

മുജീബ് പൂക്കോട്ടൂര്‍
മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ഇരുപത്തഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്നപ്പോള്‍ അറഫ മൈതാനം ശുഭ്രസാഗരമായി. വംശ വര്‍ഗ വര്‍ണ്ണ ദേശ ഭാഷ വേഷ വിത്യാസങ്ങള്‍ക്ക് അതീതമായി രാജാവെന്നോ പ്രജയെന്നോ ഭരണാധികാരിയെന്നോ ഭരണീയനെന്നോ ധനികനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വിത്യാസമില്ലാതെ ദശ ലക്ഷങ്ങള്‍ അറഫയുടെ ശുഭ്രതയില്‍ തങ്ങളുടെ പാപഭാരം ഇറക്കിവെച്ചു . ഭൗതിക ജീവിതത്തിന്റെ നശ്വരതയും പാരത്രിക ജീവിതത്തിന്റെ അനശ്വരതയും നിശബ്ദമായി വിളംബരം ചെയ്ത പവിത്ര ഭൂമിയില്‍ തങ്ങളുടെ നിസ്സഹായതയും ദുര്‍ബലതയും തിരിച്ചറിയാനും പാപപങ്കിലമായ ജീവിതത്തോട് വിടചൊല്ലി ലോകത്തിന്റെ സൃഷ്ടാവിനു മുമ്പില്‍ പരിപൂര്‍ണ്ണമായി ശിഷ്ട ജീവിതം സമര്‍പ്പിക്കാനുമുള്ള പ്രതിജ്ഞയുമായിട്ടാണ് ഹാജിമാര്‍ അറഫയോട് വിടവാങ്ങിയത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവുമായി മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്നല സൂര്യോദയത്തോടെ അറഫയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു. മിനായില്‍ നിന്ന് അറഫയിലേക്കുള്ള പതിനാലു കിലോമീറ്റര്‍ ദൂരം പാല്‍കടലായി മാറിയപ്പോള്‍ പുണ്യഭൂമി തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ മുഖരിതമായിരുന്നു. മശാഇര്‍ ട്രെയിനുകളിലും മുത്തവിഫിന്റെ ബസ്സുകളിലും മറ്റു വാഹനങ്ങയിലും കാല്‌നടയായുമാണ് തീര്‍ത്ഥാടകര്‍ ളുഹര്‍ നിസ്‌കാരത്തിനു മുമ്പായി അറഫ മൈതാനിയില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയോടെ അറഫയുടെ കുന്നിന്‍ ചെരിവ് തൂവെള്ള വസ്ത്രമണിഞ്ഞ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി സഊദി പണ്ഡിത സഭയിലെ ഉന്നത പണ്ഡിതനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹസന്‍ ആലു ശൈഖ് അറഫ ഖുതുബ നിര്‍വഹിച്ചു. പ്രവാചകന്റെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിക്കുമാറ് ലോക മുസ്ലിംകള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പേരില്‍ ഒന്നിക്കണമെന്നും നന്മയുടെ മാര്‍ഗത്തില്‍ ഐക്യപ്പെടണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വനം ചെയ്തു. അല്ലാഹുവിന്റെ ഏകത്വവും ഇസ്ലാമിന്റെ മതമൂല്യങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ മഹത് സന്ദേശവും മുറുകെപ്പിടിച്ചാല്‍ ലോകത്ത് സമാധാനവും സാഹോദര്യവും സന്തോഷവും കളിയാടും. നിര്‍ഭാഗ്യവശാല്‍ മനുഷ്യ സമൂഹം മതമൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ്. ഇത് മൂലം പരസ്പരം വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ശത്രുതയും വളരുകയാണ് . മുസ്ലിം സമൂഹം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാതൃക കാണിക്കുന്നവരാകണം.മനുഷ്യ സമൂഹം ഖുര്‍ആനിലേക്ക് മടങ്ങുക മാത്രമാണ് ലോകത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്നും ഖുതുബയില്‍ ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
അറഫയിലെ ഖുതുബക്ക് ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിച്ച ഹാജിമാര്‍ പിന്നീടുള്ള സമയം പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടു ഇന്നലെ സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചുകൂട്ടി. പിന്നീട് അടുത്ത കര്‍മ്മമായ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതിനായി നീങ്ങി.മുസ്ദലിഫയില്‍ വെച്ചാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്. മുസ്ദലിഫയില്‍ നിന്ന് കല്ലുകള്‍ ശേഖരിക്കുന്ന ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനു ശേഷം മിനയിലെത്തി പ്രധാന ജംറയായ ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ചൊവ്വാഴ്ചയോടെ ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്ത ശേഷം ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ചില ഹാജിമാര്‍ കല്ലേറ് മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് ഇഫാദയുടെ ത്വവാഫും സഅ്യും നിര്‍വഹിക്കുക. ആഭ്യന്തര ഹാജിമാര്‍ ഇന്നും നാളെയും കല്ലേറ് പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും.
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അചഞ്ചലമായ ദൈവ വിശ്വാസവും പരസ്പര സ്‌നേഹവും ആദരവും സല്‍സ്വഭാവങ്ങളും ഏതൊരു പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്തും നേടി മാനവികതയിലൂന്നിയ സാമൂഹികബോധം ആര്‍ജിച്ചാണ് പുണ്യ നഗരങ്ങളോട് ഹാജിമാര്‍ വിടവാങ്ങുക. അറഫയില്‍ ജനലക്ഷങ്ങള്‍ സംഗമിക്കുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലോകത്തുള്ള മുസ്ലിം സമൂഹം ഇന്നലെ വ്രതമെടുത്തിരുന്നു.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഗമമായ രീതിയില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് , കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് എന്നിവര്‍ അറിയിച്ചു. ഹാജിമാര്‍ക്ക് സുരക്ഷയും സഹായങ്ങളുമായി സഊദി ഗവര്‍മെന്റ് മൂന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു . കൂടാതെ വിവിധ സന്നദ്ധ സേവകരായി ആയിരങ്ങളും പുണ്യ ഭൂമിയില്‍ സേവനത്തിനായി രംഗത്തുണ്ട്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് കൈത്താങ്ങുമായി സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴില്‍ മുവ്വായിരത്തിലധികം പരിശീലനം ലഭിച്ച വളന്റിയര്മാര് പുണ്യ ഭൂമിയിലുണ്ട്. 45 ഡിഗ്രിയോളമുള്ള കനത്ത ചൂടില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അവശരായി ടെന്റുകളില്‍ എത്തുന്ന ഹാജിമാര്‍ക്ക് സഊദി കെഎംസിസി വക കഞ്ഞി വിതരണം വിവിധ ടെന്റുകളില്‍ വിപുലമായ തോതില്‍ നല്‍കി വരുന്നുണ്ട് . സഊദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി , ഖാദര്‍ ചെങ്കള , കുഞ്ഞിമോന്‍ കാക്കിയ , അഹമ്മദ് പാളയാട്ട്, മുജീബ് പൂക്കോട്ടൂര്‍ , അബൂബക്കര്‍ അരിമ്പ്ര , പി എം അബ്ദുല്‍ ഹഖ് , ഉമ്മര്‍ അരിപ്പാമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് കെഎംസിസി വളണ്ടിയര്‍ സംഘം പുണ്യ നഗരിയില്‍ സേവന രംഗത്തുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: