സൂറിച്ച്: ഇത് വരെ ഫിഫ സംസാരിച്ചിരുന്നത് ഇംഗ്ലീഷും ഫ്രഞ്ചും ജര്‍മനും സ്പാനിഷുമായിരുന്നു. ആ പട്ടികയിലേക്ക് ഇനി മുതല്‍ അറബിയുമുണ്ട്. ഫിഫയുടെ ഔദ്യോഗിക ഭാഷാ പട്ടികയിലേക്ക് അറബിയെ ശുപാര്‍ശ ചെയ്യാന്‍ ഫിഫ തീരുമാനിച്ചതായി പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്‍ഡിനോ വ്യക്തമാക്കി.
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മാത്രമല്ല ഈ പ്രഖ്യാപനം. ഫിഫയുടെ അറബ് കപ്പിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് അറബി ഭാഷക്ക് അംഗീകാരം നല്‍കാന്‍ ഫിഫ തീരുമാനിച്ചത്. ലോകത്ത് 450 ദശലക്ഷം ആളുകളാണ് അറബി സംസാരിക്കുന്നുണ്ട്. 20 രാജ്യങ്ങളില്‍ അറബി ഔദ്യോഗിക ഭാഷയാണ്. ഇത് കൂടാതെ ലോകത്താമകമാനം അറബി സംസാരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്.
ഫിഫ അറബ് കപ്പ് ഗംഭീര വിജയമായിരുന്നു. ഈ സമയത്താണ് അറബി ഭാഷയുടെ പ്രസക്തിയും പ്രാധാന്യവും ഫിഫ തിരിച്ചറിഞ്ഞത്. 23 രാജ്യങ്ങളാണ് അറബ് കപ്പില്‍ പങ്കെടുത്തത്. തുണീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അള്‍ജീരിയയാണ് അറബ് കപ്പില്‍ വിജയിച്ചത്.