തിരൂരങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കടലിനക്കരെനിന്നും അറബികളെത്തി. ഫുജൈറയിലെ പൊലീസ് ഉദ്യോഗസ്ഥനായ സൈഫ് ഉബൈദ്, ഇദ്ദേഹത്തിന്റെ പിതാവ് ഉബൈദ് ഉബൈദ് എന്നിവരാണ് ഇന്നലെ വൈകിട്ട് കൊടിഞ്ഞി തിരുത്തിയില്‍ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. ഫൈസലിന്റെ ഖബര്‍ സിയാറത്തിന് ശേഷം വീട്ടിലെത്തിയ അവര്‍ ഫൈസലിന്റെ മാതാവും, മക്കളെയും മറ്റുബന്ധുക്കളെയും ആശ്വസിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ പരിഭാഷപ്പെടുത്തി. കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സക്ക് വന്നിട്ടുള്ള ബന്ധം മാത്രമാണ് കേരളവുമായിട്ടുള്ളതെന്ന് ഇവര്‍ പറഞ്ഞു. ഫൈസലിന്റെ വധം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോട്ടക്കലിനടുത്താണ് വീട് എന്നറിഞ്ഞതോടെ വീട്ടില്‍ വന്നു കുടുംബത്തെ കാണണമെന്നു തോന്നി. വൈകാതെ തന്നെ കേരളത്തിലേക്ക് വിമാനം കയറുകയായിരുന്നു. കേരളത്തിന്റെ സംസ്‌കാരത്തെ കുറിച്ച് വളരെ നല്ല മതിപ്പായിരുന്നു. എന്നാല്‍ ഈ സംഭവം ഞെട്ടിച്ചെന്ന് സൈഫ് ഉബൈദ് പറഞ്ഞു. കേരളവുമായി നേരത്തെ വ്യാപാരബന്ധം പുലര്‍ത്തിയവരാണ് അറബികള്‍. മലയാളികള്‍ വിദ്യാസമ്പന്നരും സംസ്‌കാരവുമുള്ളവരാണ്. മതം മാറിയതിന്റെ പേരില്‍ ഒരാളെ കൊന്നൊടുക്കുക എന്നത് പ്രാകൃതമാണ്. കേരളത്തിലാണല്ലോ ഇത് സംഭവിച്ചത് എന്നോര്‍ക്കുമ്പോള്‍ നടുക്കമാണ് അനുഭവപ്പെടുന്നത്. ഫൈസലിന്റെ കുടുംബത്തിന് കഴിയാവുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉബൈദ് ഉബൈദ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നാളെ ഫുജൈറയിലേക്ക് തിരിക്കും. പി.എ മുഹമ്മദ് മൗലവി, യു.പി മുഹമ്മദലി ഖാസിമി, എം. സൈതലവി, മൂസക്കുട്ടിഹാജി, പി.കെ മുഹമ്മദ് എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.
ഫൈസലിന്റെ കുടുംബത്തിന് സാന്ത്വനവുമായി കടലിനക്കരെ നിന്നും അറബികളെത്തി
Tags: FAISAL MURDERRSS