അറബ് ലോകത്ത് മുല്ലപ്പൂ വിപ്ലവത്തിന് തുടക്കംകുറിച്ച തുനീഷ്യയില്‍ ഒരിക്കല്‍കൂടി ജനങ്ങള്‍ തെരുവിലിറങ്ങി സര്‍ക്കാറിന്റെ ജനവിരുദ്ധ നയം തിരുത്തുന്നു. ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ അലിയെ തൂത്തെറിഞ്ഞ വിപ്ലവത്തിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തന്നെയാണ് ജനങ്ങളുടെമേല്‍ അധിക നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിക്കുന്ന ബജറ്റിന് എതിരെ ജനരോഷം ആളിപടര്‍ന്നത്. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധത്തെ തുടര്‍ന്ന് സാമ്പത്തിക, സാമൂഹിക പരിഷ്‌ക്കാരങ്ങളും ആരോഗ്യ പരിചരണ പദ്ധതിയും മറ്റ് ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടിയും തയാറാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഭവന പദ്ധതിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ജനുവരി ഏഴിനാരംഭിച്ച പ്രക്ഷോഭത്തിനിടെ ആയിരത്തോളം പേര്‍ അറസ്റ്റിലായി. പ്രസിഡണ്ട് ബെയ്ജി ഖാഇദ് എസെബ്‌സി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി ജനവികാരം മനസ്സിലാക്കുകയും പ്രതിപക്ഷ പാര്‍ട്ടികളെകൂടി വിളിച്ചുചേര്‍ത്തുമാണ് പ്രശ്‌ന പരിഹാരത്തിന് തയാറായത്.
2018ലെ ബജറ്റില്‍ വാറ്റ് നികുതി വര്‍ധനയാണ് വില വര്‍ധനവിന് കാരണം. പഴവര്‍ഗങ്ങള്‍, പച്ചക്കറി, ഗ്യാസ് തുടങ്ങിയവക്കൊക്കെ വില വര്‍ധിച്ചു. ഇന്റര്‍നെറ്റും ഫോണ്‍ കാര്‍ഡിനും വില കൂട്ടി. തൊഴിലില്ലായ്മ 12 ശതമാനം വര്‍ധിച്ചത് യുവാക്കളെ അസ്വസ്ഥരാക്കി. ജനാധിപത്യ സമ്പ്രദായം ശക്തിപ്പെടുമ്പോഴും പ്രകടമായ മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെന്നത് ഭരണകൂടത്തിന്റെ കഴിവില്ലായ്മയായി തുനീഷ്യന്‍ ജനത വിലയിരുത്തുന്നുണ്ട്. സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ ഐ.എം.എഫില്‍ നിന്ന് വായ്പയെടുക്കാന്‍ തയാറെടുക്കുകയാണ് തുനീഷ്യന്‍ സര്‍ക്കാര്‍. ഐ.എം.എഫ് നിര്‍ദ്ദേശ പ്രകാരമാണ് ബജറ്റ് തയാറാക്കിയതെന്ന വിമര്‍ശനവും വ്യാപകമാണ്. പ്രക്ഷോഭത്തിനിടെ പൊലീസ്‌സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നു. പ്രധാന 20 നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍.
ഉത്തരാഫ്രിക്കയുടെ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച രാജ്യമാണ് തുനീഷ്യ. 1956 മാര്‍ച്ച് 20ന് സ്വാതന്ത്ര്യം നേടിയ രാജ്യത്ത് പിന്നീട് ഏകാധിപത്യ വാഴ്ചയായി. സ്വാതന്ത്ര്യ സമരം നയിച്ച ഹബീബ് ബൂര്‍ഖിബ പ്രഥമ പ്രസിഡണ്ടായി. തെരഞ്ഞെടുപ്പുകളില്‍ ബുര്‍ഖിബ തന്നെ തെരഞ്ഞെടുക്കപ്പെടുക പതിവായി. ഏകാധിപതിയായി മാറിയ ബുര്‍ഖിബ 1959 മുതല്‍ ആജീവനാന്ത പ്രസിഡണ്ടായി. ഇതിന് ഭരണഘടന ഭേദഗതി ചെയ്തു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നവദസ്തൂര്‍ പാര്‍ട്ടിയുടെ പേരിലാണ് ഭരണം. 1987 നവംബറില്‍ ബുര്‍ഖിബയെ സ്ഥാനഭ്രഷ്ടനാക്കി പ്രധാനമന്ത്രി സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരമേറ്റു. ബുര്‍ഖിബയുടെ നയത്തില്‍ മാറ്റമുണ്ടായില്ല.
ബുര്‍ഖിബ മാറി ബിന്‍ അലി വന്നശേഷവും മാറ്റമൊന്നും വന്നില്ല. എതിരാളികളെ അടിച്ചമര്‍ത്തുന്നതില്‍ ബുര്‍ഖിബയെക്കാള്‍ മുന്നിലായിരുന്നു. 1984ല്‍ കുപ്രസിദ്ധമായ ‘അപ്പത്തിന് വേണ്ടിയുള്ള പ്രക്ഷോഭം’ ബിന്‍ അലി ഭരണത്തിന്റെ കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്നു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ അടവുകള്‍ പയറ്റി. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടു. ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ സൈനിക് ബാരക്കുകളില്‍ നിന്ന് ബിന്‍ അലിയെ കൊണ്ടുവന്നത് ബുര്‍ഖിബയാണ്. അദ്ദേഹം തന്നെ ബുര്‍ഖിബക്ക് പാരയായി. മര്‍ദ്ദക ഭരണത്തെ തുടര്‍ന്ന് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ അയല്‍ നാടുകളില്‍ അഭയം തേടി. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. 2011 ഡിസംബര്‍ 10ന് ഉണ്ടായ സംഭവം തുനീഷ്യന്‍ ജനതയുടെ വികാരം മര്‍ദ്ദിച്ചൊതുക്കാനാവാത്തവിധം ആളിപ്പടര്‍ന്നു. ഡീദി ബുസൈദ് നഗരത്തില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പന നടത്തിവന്ന ബിരുദധാരിയായ മുഹമ്മദ് ബൂ അസീസി എന്ന യുവാവിനെ മുനിസിപ്പല്‍ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. അപമാനിതനായ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യചെയ്തതോടെ ജനരോഷം ആളിക്കത്തി. ബിന്‍ അലി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ജനമുന്നേറ്റം കണ്ട പട്ടാളവും കൈവിട്ടതോടെ 2011 ജനുവരി 14ന് സഊദിയിലേക്ക് രക്ഷപ്പെട്ടു.
തുനീഷ്യയില്‍ നിന്ന് പടര്‍ന്ന ജനരോഷം അറബ് ലോകത്തെ പിടിച്ചുലച്ചു. ഈജിപ്തിലും ലിബിയയിലും യമനിലും ഏകാധിപതികളെ കടപുഴക്കി. എന്നാല്‍ തുനീഷ്യ മാത്രമാണിപ്പോള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഉറച്ചുനില്‍ക്കുന്നത്. ഈജിപ്തില്‍ സൈനിക അട്ടിമറിയില്‍ മുഹമ്മദ് മുര്‍സിയുടെ ജനാധിപത്യ ഭരണകൂടം പുറത്തായി. മുര്‍സി ജയിലിലാണിപ്പോള്‍. ലിബിയയില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ സ്വഭാവം മാറി. പാശ്ചാത്യ ശക്തികള്‍ ഹൈജാക്ക് ചെയ്തുകൊണ്ടാണ് മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയതും വധിച്ചതും. ഇപ്പോഴും ഒരു സ്ഥിരം ഭരണകൂടം ലിബിയയില്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. യമനില്‍ സാലിഹ് പുറത്തുപോയെങ്കിലും ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. സിറിയയില്‍ ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ ആ രാജ്യം തകര്‍ന്നടിഞ്ഞു. ജന ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല. തുനീഷ്യയുടെ വിപ്ലവാനന്തര ചരിത്രം വ്യത്യസ്തമാണ്. 2011 ഒക്‌ടോബര്‍ 23ന് ഭരണഘടന അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 37.04 ശതമാനം വോട്ടും 217ല്‍ 89 സീറ്റും നേടി ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ ‘അന്നഹ്ദ’ മുന്നിലെത്തി. ഭരണഘടന അസംബ്ലി സജീവമായി മുന്നോട്ടുപോകുന്നതിനിടെ ഇടതുപാര്‍ട്ടി നേതാക്കളായ ചോക്‌രിബെലയ്ഭയും മുഹമ്മദ് ബഹ്മിയും കൊല്ലപ്പെട്ടത് അന്നഹ്ദയുടെ പേരില്‍ ആരോപിച്ച് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടന്നപ്പോള്‍, അന്നഹ്ദ നേതാവ് റഷീദ് ഗാനൂഷി ഭരണ നേതൃത്വം ഒഴിയാന്‍ സന്നദ്ധ പ്രകടിപ്പിച്ചു. സാങ്കേതിക വിദഗ്ധരും മറ്റും അടങ്ങുന്നതും പാര്‍ട്ടി രഹിതവുമായ ഭരണകൂടത്തെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് അവരോധിച്ചു. 2014 ഒക്‌ടോബര്‍ 26ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍, മതേതര വാദികളായ ‘നിദ തുനീസ്’ പാര്‍ട്ടിക്ക് മേല്‍കൈ ലഭിച്ചു; 217 അംഗ സഭയില്‍ 85 സീറ്റുകള്‍. അന്നഹ്ദ 69 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. ചെറുകിട പാര്‍ട്ടികളുമായി ചേര്‍ന്ന് നിദാ തുനീസ് പാര്‍ട്ടി ഭരണം ഏറ്റെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ അന്നഹ്ദ പാര്‍ട്ടി മാറിനിന്നു. ഭരണകൂടത്തോട് സഹകരണ മനോഭാവത്തോടെയായിരുന്നു റഷീദ് ഗാനൂഷിയുടെ നേതൃത്വത്തില്‍ അന്നഹ്ദ സ്വീകരിച്ച സമീപനം. അന്നഹ്ദ പാര്‍ട്ടിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി ആധുനിക മുഖം നല്‍കാനാണ് റഷീദ് ഗാനൂഷിയുടെ ശ്രമം. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടിരുന്ന അന്നഹ്ദ പാര്‍ട്ടി കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ തുര്‍ക്കിയില്‍ ഉറുദുഗാന്റെ നേതൃത്വത്തില്‍ എ.കെ പാര്‍ട്ടിയുടെ നയത്തിലേക്ക് മാറി ചിന്തിക്കാന്‍ തീരുമാനിച്ചു. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് മറ്റൊരു സംഘടന രൂപീകരിക്കുകയും അന്നഹ്ദയെ മതേതര പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയുമായിരുന്നു. തുര്‍ക്കി, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനാധിപത്യ സമ്പ്രദായമാണ് തുനീഷ്യക്ക് സ്വീകരിക്കാവുന്നതെന്നാണ് റഷീദ് ഗാനൂഷിയുടെ സമീപനം. ഹബീബ് ബുര്‍ഖിബയുടേയും ബിന്‍ അലിയുടേയും കാലത്ത് പ്രവാസ ജീവിതം നയിച്ച ഗാനൂഷി മുല്ലപ്പൂ വിപ്ലവാനന്തരമാണ് തുനീഷ്യയില്‍ തിരിച്ചെത്തിയത്. മറ്റ് പാര്‍ട്ടികളെ സഹകരിപ്പിക്കാതെ ബ്രദര്‍ഹുഡ് തനിച്ച് നടത്തിയ ഭരണം അവസാനം സൈനിക അട്ടിമറിയിലേക്ക് നയിക്കപ്പെട്ടത് അന്നഹ്ദ പാര്‍ട്ടി തിരിച്ചറിയുന്നു. അന്നഹ്ദ സര്‍ക്കാറിന് എതിരെ പ്രക്ഷോഭം ഉയര്‍ന്ന ഘട്ടത്തില്‍തന്നെ ഭരണം വിട്ടൊഴിയാന്‍ ഗാനൂഷി സ്വീകരിച്ച നയതന്ത്രം തുനീഷ്യയില്‍ അന്നഹ്ദക്ക് കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാന്‍ വഴിയൊരുക്കി. മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രതിവിപ്ലവമല്ല തുനീഷ്യയില്‍ അരങ്ങേറുന്നത്. ജനവിരുദ്ധ സമീപനത്തിന് എതിരായി പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികള്‍ നയിച്ച പ്രക്ഷോഭമാണ്. തുനീഷ്യയുടെ ജനാധിപത്യ സമ്പ്രദായത്തെ തകര്‍ക്കാന്‍ അന്നാട്ടിലെ ജനങ്ങള്‍ തയാറില്ല. ശക്തമായ പാര്‍ട്ടികള്‍ തുനീഷ്യയില്‍ സജീവമായതിനാല്‍ സൈന്യത്തിന് ബാരക്കുകളില്‍ നിന്ന് പുറത്തുവരാനും പ്രയാസമുണ്ട്.
- 7 years ago
chandrika
Categories:
Video Stories
അറബ് വസന്തത്തിന് രണ്ടാം അധ്യായം
Tags: Tunisia
Related Post