ദുബൈ: 30 ലക്ഷത്തോളം പങ്കാളികളെ പിന്‍തള്ളി അറബ് റീഡിംഗ് ചലഞ്ചില്‍ അല്‍ജീരിയയില്‍ നിന്നുള്ള ഏഴു വയസ്സുകാരന്‍ മുഹമ്മദ് ഫറഹ് ചാംപ്യനായി. അതേസമം മേഖലയിലെ മികച്ച് വായനാന്തരീക്ഷം സൃഷ്ടിച്ചതിനുള്ള 10 ലക്ഷം ഡോളര്‍ പുരസ്‌കാരം ഫലസ്തീനിലെ താലിയ അല്‍ അമല്‍ ഹൈസ്‌കൂള്‍ നേടി. ദുബൈ ഒപേര ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.150,000 ഡോളറാണ് ഫറാഹിന് സമ്മാനമായി ലഭിച്ചത്. ഇതില്‍ 100,000 ഡോളര്‍ വിവിധ സ്‌കോളര്‍ഷിപ്പ് രൂപത്തിലും 50,000 ഡോളര്‍ പ്രോത്സാഹനം നല്‍കിയതിന് കുടുംബത്തിന് പണമായും ലഭിക്കും.
അറബ് മേഖലയിലെ നിരവധി പൗരപ്രമുഖരും സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബര്‍ 21,22 തിയ്യതികളില്‍ നടന്ന ദുബൈ സ്‌കൂളില്‍ നടന്ന കൂടിക്കാഴ്ചയില്‍ 18 പേര്‍ അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. ചടങ്ങില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.ജോര്‍ദാനില്‍ നിന്നുള്ള റുവ ഹമു രണ്ടാം സ്ഥാനവും ബഹ്‌റൈനില്‍ നിന്നുള്ള വല അല്‍ ബകരി മൂന്നാം സ്ഥാനവും നേടി. പ്രേക്ഷകര്‍ പങ്കെടുത്ത ഇന്‍സ്റ്റന്റ് വോട്ടിംഗിലാണ് ഫറഹിനെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
അറബ് മേഖലയിലെ പത്ത് ലക്ഷം കുട്ടികളെ 50 ലക്ഷം പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ് അറബ് റീഡിംഗ് ചലഞ്ചിന് 2015ല്‍ ശൈഖ് മുഹമ്മദ് തുടക്കമിട്ടത്. വിവിധ വിഭാഗങ്ങളിലായി 1.1 കോടി ദിര്‍ഹമാണ് മൊത്തം സമ്മാനത്തുക.
പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സ്‌കൂള്‍, യു.എ.ഇ വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള മികച്ച സൂപ്പര്‍വൈസര്‍, പങ്കാളി രാജ്യത്തു നിന്നുള്ള മികച്ച സൂപ്പര്‍വൈസര്‍ തുടങ്ങിയ ഇനങ്ങളിലും സമ്മാനങ്ങളുണ്ട്. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പുരസ്‌കാരം പ്രതീക്ഷക്കപ്പുറത്തെത്തിയതായി കാബിനറ്റ്, ഫ്യൂച്ചര്‍ വകുപ്പ് മന്ത്രിയും അറബ് റീഡിംഗ് ചലഞ്ച് സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
ചലഞ്ചിന്റെ 2015-2016 എഡിഷനില്‍ 56 പങ്കാളിത്ത രാജ്യക്കാരായ 3.59 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 21 രാഷ്ട്രങ്ങളിലെ 30000 സ്‌കൂളുകളെ പ്രതിനിധീകരിച്ചാണ് ഇവര്‍ വായനയില്‍ മാറ്റുരച്ചത്. വിവിധ ഘട്ടങ്ങളിലായി 3.5 ദശലക്ഷം വിദ്യാര്‍ത്ഥികളെ പിന്തള്ളി മുന്‍നിരയില്‍ സ്ഥാനം പിടിച്ച 240 വിദ്യാര്‍ത്ഥികള്‍ അവസാന വട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാണ് 18 പേര്‍ അന്തിമ പട്ടികയിലെത്തിയത്.