കെയ്‌റോ: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച വിവാദ തീരുമാനം യു.എസ് ഭരണകൂടം പിന്‍വലിക്കണമെന്ന് അറബ് ലോകം. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നിയമങ്ങളുടെ അപകടകരമായ ലംഘനമാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെന്ന് അറബ് രാഷ്ട്ര നേതാക്കള്‍ വിലയിരുത്തി.
പശ്ചിമേഷ്യന്‍ മേഖലയിലും അറബ് ലോകത്തും സംഘര്‍ഷങ്ങള്‍ വ്യാപിക്കാന്‍ യു.എസ് തീരുമാനം വഴിയൊരുക്കും. നിയമപരമായ പിന്‍ബലമോ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോ ഇല്ലാത്തതാണ് യു.എസ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. ജറൂസലേം വിഷയത്തില്‍ പതിറ്റാണ്ടുകളായി യു.എസ് പിന്തുടര്‍ന്നു വന്ന നിലപാട് അട്ടിമറിക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും അറബ് വിദേശ കാര്യമന്ത്രിമാരുടെ യോഗം വിലയിരുത്തി.
ദ്വിരാഷ്ട്ര പരിഹാരം എന്നതാണ് പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇതുവരെ നിലനിന്നിരുന്നത്. ജറൂസലേമിന്റെ പദവി സംബന്ധിച്ച് ഫലസ്തീനുമായും ഇസ്രാഈലുമായും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി രമ്യമായ പരിഹാരം എന്നതായിരുന്നു യ.എസ് ഉള്‍പ്പെടെ ബഹുഭൂരിഭാഗം രാഷ്ട്രങ്ങളും കൈക്കൊണ്ട നിലപാട്. ഇതിന് വിരുദ്ധമായി ഏകപക്ഷീയമായാണ് ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീരിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിന് നിയമപരമായ ഒരു പിന്‍ബലവുമില്ല. സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനും ഭീഷണിയും വിദ്വേഷവും തീവ്രമാക്കാനും ഒരുമേഖലയെ ഒന്നാകെ അനിശ്ചിതത്വത്തിലേക്കും അക്രമത്തിലേക്കും തള്ളിവിടാനും മാത്രമേ തീരുമാനം വഴിവെക്കൂ. യു.എസ് തീരുമാനത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ യു.എന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെടുന്നതായും യോഗം വ്യക്തമാക്കി.