X
    Categories: Views

അറബ് നയതന്ത്ര പ്രതിസന്ധി: ട്രംപിനെ വിമര്‍ശിച്ച് ജര്‍മനി

 

ബെര്‍ലിന്‍: അറബ് നയതന്ത്ര പ്രതിസന്ധിയില്‍ തലയിട്ട് സംസാരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പുതിയ ആയുധ പന്തയത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ് എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ കുറ്റപ്പെടുത്തി. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച അറബ് രാഷ്ട്രങ്ങളുടെ നടപടിയെ ട്രംപ് ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനുശേഷമാണ് ഖത്തറിനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളുണ്ടായത്. ഗള്‍ഫ് ഭരണകൂടങ്ങളുമായി ട്രംപ് അടുത്തിയുടെയുണ്ടാക്കിയ സൈനിക കരാറുകള്‍ ആയുധ കച്ചവടരംഗത്ത് പുതിയ ഭീഷണികള്‍ സൃഷ്ടിക്കുന്നതാണെന്ന് ഗബ്രിയേല്‍ പറഞ്ഞു. യു.എസ് നടപടികള്‍ പൂര്‍ണമായി തെറ്റാണെന്ന് പറയുന്നില്ല. പക്ഷെ, അത് ജര്‍മനിയുടെ നയമല്ല-അദ്ദേഹം വ്യക്തമാക്കി. അറബ് മേഖലയില്‍ വന്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ സംഭവങ്ങള്‍ കാരണമാകും. പ്രതിസന്ധിയുടെ ട്രംപ് വല്‍ക്കരണം കാര്യങ്ങളെ കൂടുതല്‍ അപകടകരമാക്കുമെന്ന് ഉറപ്പാണ്-ഗബ്രിയേല്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ സഊദി വിദേശകാര്യ മന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

chandrika: