ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക. ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് മുന്നോട്ടുപോകാന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അറബ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി ഐ.എസിനെതിരെയുള്ള യുദ്ധത്തെ ബാധിക്കില്ലെന്നും സിഡ്‌നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭിന്നതകള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളെ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാന്‍ യു.എസ് പ്രേരിപ്പിക്കുമെന്നും ടില്ലേഴ്‌സണ്‍ അറിയിച്ചു.
സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ പ്രധാന സൈനിക താവളം ഖത്തറിലാണ്. എന്നാല്‍ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ പിന്നീട് നിലപാട് അറിയിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ പറഞ്ഞു.