X

അറബ് ലോകത്ത് ആശങ്ക

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയോട് നീതിപുലര്‍ത്തുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ പല പ്രഖ്യാപനങ്ങളും അറബ് രാജ്യങ്ങളെയും ഇസ്്‌ലാമിക ലോകത്തെയും വ്രണപ്പെടുത്തുന്നവയായിരുന്നു. മുസ്്‌ലിംകളെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന വിവാദ പ്രസ്താവന തന്നെ ട്രംപിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര രോഷത്തിനു തന്നെ കാരണമായ പ്രസ്താവന തിരുത്താനോ അതില്‍ ഖേദപ്രകടനം നടത്താനോ അദ്ദേഹം തയാറായിട്ടില്ല. അറബ് ലോകത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.

അമേരിക്കയുടെ ഉറ്റസുഹൃത്തുക്കളായ അറബ് രാജ്യങ്ങളെപ്പോലും അകറ്റിനിര്‍ത്താനാണ് ട്രംപിന് താല്‍പര്യം. സഊദി അറേബ്യയെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിര്‍ശിച്ചുകൊണ്ടിരുന്നു. ലോക വ്യാപാര കേന്ദ്രം തകര്‍ത്തത് സഊദി അറേബ്യയാണെന്ന് വിളിച്ചുകൂവാന്‍ അദ്ദേഹത്തിന് ഒട്ടുംമടിയുണ്ടായില്ല. പ്രസിഡണ്ടായാല്‍ സഊദി ഉള്‍പ്പെടെയുള്ള അറബ് സഖ്യരാജ്യങ്ങളില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്ക കാലങ്ങളായി പിന്തുടരുന്ന നയങ്ങളെ മുഴുവന്‍ ഉടച്ചുവാര്‍ക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ആണവായുധ വിഷയത്തില്‍ അമേരിക്കയും മറ്റു വന്‍ശക്തികളും ഇറാനുമായുണ്ടാക്കിയ കരാറിനെ ട്രംപ് അംഗീകരിക്കുന്നില്ല. ആണവ കരാറിലൂടെ ഇറാന്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരാര്‍ റദ്ദാക്കമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

 
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ആഹ്ലാദിക്കുന്നത് സിറിയന്‍ ഭരണകൂടമാണ്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെക്കാള്‍ മോശക്കാരാണ് അദ്ദേഹത്തെ എതിര്‍ക്കുന്ന വിമതരെന്ന് സെപ്തംബറില്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തുറന്നടിക്കുകയുണ്ടായി. വിമതരോടൊപ്പം ചേര്‍ന്ന് അസദിനെ ആക്രമിക്കുന്ന യു.എസ് നയം പുനപ്പരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെ വിഡ്ഢിത്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അസദിനോടൊപ്പം ചേര്‍ന്ന് വിതമരെ ആക്രമിക്കുന്ന റഷ്യയെ കൂട്ടുപിടിച്ച് ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരരെ തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

 

ഹിലരി പ്രസിഡണ്ടായാല്‍ സിറിയന്‍ പ്രശ്‌നത്തെ ചൊല്ലി മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കിയിരുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനുമായി കൈകോര്‍ത്ത് സിറിയന്‍ വിമതരെ തകര്‍ക്കാനാണ് അദ്ദേഹത്തിന് ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഗതി മറ്റൊന്നായിരിക്കും. ഹിലരി അധികാരത്തില്‍വന്നാല്‍ വിമതര്‍ക്കുള്ള അമേരിക്കയുടെ സഹായം പൂര്‍വ്വാധികം വര്‍ധിക്കുമെന്ന് അസദ് ഭയപ്പെട്ടിരുന്നു.
വൈറ്റ്ഹൗസിലെ പുതിയ താമസക്കാരന്‍ വരുമ്പോള്‍ അത്യധികം ആഹ്ലാദിക്കുന്ന ഒരു ശക്തിയുണ്ട് പശ്ചിമേഷ്യയില്‍. ഇസ്രാഈലാണ് അത്. അധിനിവിഷ്ട ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് ഉറപ്പുകൊടുത്തിട്ടുണ്ട്.

ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെ അദ്ദേഹം പൂര്‍ണമായി അംഗീകരിക്കുന്നു. ട്രംപിന്റെ ആഗമനം പക്ഷെ, ഫല്‌സതീനികള്‍ക്ക് മറ്റൊരു തരത്തില്‍ ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ യു.എസ് പ്രസിഡണ്ടിന്റെ നിഷേധാത്മക നയങ്ങള്‍ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ അമേരിക്കയുടെ പങ്ക് കുറയ്ക്കും. പകരം റഷ്യയും യൂറോപ്യന്‍ യൂണിയനും അനുരഞ്ജന നീക്കങ്ങള്‍ ഏറ്റെടുത്തു നടത്തും. എക്കാലവും ഇസ്രാഈലിനോടൊപ്പം നിന്നിരുന്ന അമേരിക്ക കളത്തില്‍നിന്ന് പുറത്തുപോകുകയും റഷ്യയും യൂറോപ്പും രംഗം പിടിച്ചെടുക്കുയും ചെയ്യുന്നതോടെ ഫലസ്തീനികള്‍ക്ക് അനുകൂല നീക്കങ്ങളുണ്ടാകാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ.

 
ട്രംപിന്റെ വിജയം ഈജിപ്തില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പ്രസിഡണ്ട് അബ്ദുല്‍ഫത്താഹ് അല്‍ സീസിക്ക് ട്രംപിനോട് അനുഭാവമാണുള്ളത്. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍വെച്ച് ട്രംപിനെയും ഹിലരിയെയും അദ്ദേഹം കണ്ടിരുന്നു. കൂടിക്കാഴ്ചക്കുശേഷം ശക്തനായ നേതാവെന്നാണ് ട്രംപിനെ സിസി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് മുര്‍സിയെ തുറന്ന് അനുകൂലിച്ചിരുന്ന ഹിലരി വൈറ്റ്ഹൗസില്‍ വരണമെന്നാണ് ഈജിപ്ഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും ആഗ്രഹിച്ചിരുന്നത്. അറബ് ലോകത്തെ,

പ്രത്യേകിച്ചും ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ ഒബാമാ ഭരണകൂടം കൈകാര്യം ചെയ്ത രീതിയിലുണ്ടായ പാളിച്ചകള്‍ കാരണമാണ് ഹിലരി തോറ്റതെന്നാണ് പല ഈജിപ്തുകാരുടെയും അഭിപ്രായം. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉര്‍ദുഗാന്റെ ഇസ്്‌ലാമിസ്റ്റ് നയങ്ങളോട് അദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ സാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം. ഇറാഖിലെ അമേരിക്കന്‍ അധിവേശത്തെ ഒരുകാലത്ത് വിമര്‍ശിച്ചവരില്‍ ട്രംപുമുണ്ടായിരുന്നു. ഇറാഖ് യുദ്ധം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

chandrika: