ന്യൂഡല്‍ഹി: സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി എ.ആര്‍ റഹ്മാന്‍ രംഗത്ത്. കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദത പാലിക്കണോയെന്ന് എ.ആര്‍ റഹ്മാന്‍ ചോദിച്ചു. തങ്ങളെ പോലുള്ളവരെ നിശബ്ദരാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തെ അപലപിച്ച് റഹ്മാന്‍ നടത്തിയ പ്രസ്താവനക്കു നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റഹ്മാന്‍ സംഘപരിവാര്‍ അനുകൂലികള്‍ക്കെതിരെ പ്രതികരിച്ചത്.
ഇന്ത്യയില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇത് എന്റെ ഇന്ത്യയല്ല എന്നായിരുന്നു ഗൗരി ലങ്കേഷ് വിഷയത്തില്‍ റഹ്മാന്‍ പ്രതികരിച്ചത്. എന്നാല്‍ ഇതല്ല ഇന്ത്യയെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സൈബറാക്രണം നടത്തി.
ഗാന്ധിജിയുടെ നാട്ടില്‍ ചിലര്‍ കാട്ടുന്ന ക്രൂരതകള്‍ കണ്ട് മിണ്ടാതിരിക്കണമെന്നാണോ എന്ന് സംഘപരിവാര്‍ അനുകൂലികളോട് റഹ്മാന്‍ ചോദ്യമുന്നയിച്ചു. ഇന്ത്യയെന്ന നമ്മുടെ രാജ്യത്തെ ചിലര്‍ ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പണക്കാരായ ജനങ്ങളെയും അധികാരികളെയും യാതൊന്നും ബാധിക്കാറില്ല. എല്ലാവര്‍ക്കും തുല്യാവകാശമാണ് രാജ്യത്തുള്ളത്. അവഗണിക്കപ്പെടുന്ന ദരിദ്രരെയും നിഷ്‌കളങ്കരെയും പരിരക്ഷിക്കേണ്ടതുണ്ടെന്നും റഹ്മാന്‍ പറഞ്ഞു.